അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ; കനത്ത മഴയില്‍ മുങ്ങി കേരളം

തിരുവനന്തപുരം : കനത്ത മഴയില്‍ മുങ്ങി കേരളം. പലയിടത്തും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ഗതാഗത തടസ്സം. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത മഴയാണിത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ ‘നിന്നു പെയ്യാന്‍’ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടര്‍ന്നു കലക്ടര്‍മാര്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കി. അഗ്‌നിശമനസേനയോടും ദുരന്തനിവാരണ വിഭാഗത്തോടും മുന്‍കരുതലുകളെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

ഉരുള്‍പൊട്ടല്‍ മേഖലയിലും നദികളുടെ തീരങ്ങളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയില്‍ രാത്രി ഗതാഗതം നിയന്ത്രിച്ചു. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. കല്ലാര്‍കുട്ടി, മലങ്കര, പൊന്മുടി, നെയ്യാര്‍, പേപ്പാറ, വടക്കഞ്ചേരി മംഗലം ഡാമുകളുടെ ഷട്ടര്‍ തുറന്നു. കനത്ത മഴയില്‍ ആലുവ ശിവരാത്രി മണപ്പുറം മുങ്ങി. ക്ഷേത്രം പൂര്‍ണമായും മുങ്ങുംവിധം ജലനിരപ്പുയരുന്നത് പ്രകൃതിദത്തമായ ആറാട്ടാണെന്നാണ് വിശ്വാസം. ഇതോടനുബന്ധിച്ച് പ്രത്യേക പൂജകളും ക്ഷേത്രത്തില്‍ പുലര്‍ച്ചെ നടന്നു. അതേസമയം, താമരശേരി ചുരം വഴി വയനാട്ടിലേക്കുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു.

KCN

more recommended stories