കഞ്ചാവുമായി ആന്ധ്രാ സ്വദേശിനി പിടിയില്‍

പയ്യന്നൂര്‍: അന്ധ്രാപ്രദേശില്‍ നിന്നു കണ്ണൂരിലേയ്ക്കു കടത്തുകയായിരുന്ന 14 കിലോ കഞ്ചാവുമായി യുവതി അറസ്റ്റില്‍. ഭര്‍ത്താവെന്നു സംശയിക്കുന്ന ആള്‍ രക്ഷപ്പെട്ടു. മംഗ്ളൂരുവില്‍ നിന്നുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരിയായ ആന്ധ്രാപ്രദേശ്, ഗോദാവരി, തുനിയിലെ ശ്രീനുവിന്റെ ഭാര്യ ശൈലജ (22)യാണ് അറസ്റ്റിലായത്. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കണ്ണപുരം എസ്.ഐ ധനഞ്ജയബാബുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ബാഗുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. യുവതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടയില്‍ കൂടെ ഉണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ പിടിയിലായ ശൈലജയുടെ ഭര്‍ത്താവാണെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി.സദാനന്ദന്‍ സ്ഥലത്തെത്തി യുവതിയെ ചോദ്യം ചെയ്തു.

കണ്ണൂര്‍, കക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് വിതരണ ശൃംഖലയ്ക്കു കൈമാറുന്നതിനാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ സംശയം. ഭാഷ പ്രശ്നമായതിനാല്‍ യുവതിയില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ദ്വിഭാഷിയുടെ സഹായത്തോടെ യുവതിയില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍.ആദ്യമായാണ് ഇത്രയും അളവില്‍ കഞ്ചാവുമായി ഒരു സ്ത്രീ കേരളത്തില്‍ അറസ്റ്റിലാവുന്നത്. സംഘടിത ശ്രമത്തിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത കാലത്തായി നിരവധിപേരെ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇതായിരിക്കണം യുവതിയെ ഉപയോഗിച്ച് കഞ്ചാവ് കടത്തിയതിനു പിന്നിലെന്നു സംശയിക്കുന്നു. സ്ത്രീകളെ കാരിയര്‍മാരാക്കിയാല്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയില്ലെന്ന കണക്കു കൂട്ടലാണ് യുവതിയുടെ അറസ്റ്റോടെ തകര്‍ന്നത്.

KCN

more recommended stories