ബന്ധുനിയമന വിവാദം : ഇ പി ജയരാജനെതിരായ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ ഇ പി ജയരാജനെതിരായ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. തെളിവുകളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയ്ക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഇപി ജയരാജനെതിരെ അഴിമതി നിരോധന നിയമം 13 -1 ഡി വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സിന് നിയമോപദേശം ലഭിച്ചത്. നിയമന നടപടിയില്‍ സാമ്പത്തിക നേട്ടമോ, അധികാരദുര്‍വിനിയോഗമോ ജയരാജന്‍ നടത്തിയിട്ടില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. അതിനാല്‍ കേസുമായി മുന്നോട്ടുപോകാനാകില്ലെന്നാണ് വിജിലന്‍സ് അന്വേഷണസംഘത്തിന്റെ തീരുമാനം.
2016 ഒക്ടോബര്‍ ഒന്നിന്, ബന്ധുവായ പി കെ ശ്രീമതി എംപിയുടെ മകന്‍ പികെ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഇയുടെ എംഡിയായി നിയമിച്ച് ഉത്തരവിറക്കിയിരുന്നു. ഇതാണ് വിവാദമായത്.
എന്നാല്‍ ഒന്നാം തീയതി ഇറക്കിയ ഉത്തരവ് ജയരാജന്‍ മൂന്നാം തീയതി പിന്‍വലിച്ചിരുന്നതായി വിജിലന്‍സ് കണ്ടെത്തി. 10 ന് നിയമന ഉത്തരവ് പിന്‍വലിച്ച് സുധീര്‍ നമ്പ്യാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടുപോകേണ്ടെന്ന് വിജിലന്‍സ് ഡിവൈഎസ് ജയകുമാറാണ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് വിജിലന്‍സ് ഇന്നു തന്നെ സര്‍ക്കാരിനും, കോടതിയിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. കൂടാതെ ഇക്കാര്യം ഹൈക്കോടതിയെയും വിജിലന്‍സ് അറിയിക്കും.
പി കെ സുധീറിനെയും, ജയരാജന്റെ സഹോദര പുത്രന്റെ ഭാര്യ ദീപ്തി നൗഷാദിനെയും വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമിച്ചത് വന്‍ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ജയരാജന് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വരികയായിരുന്നു.

KCN

more recommended stories