ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി: വിധി പറയുന്നത് ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി

ബംഗളുരു: സോളാര്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയില്‍ വിധി പറയുന്നത് ബംഗളുരു കോടതി മാറ്റി വെച്ചു. ഒക്ടോബര്‍ ഏഴിലേക്കാണ് ഹര്‍ജി വിധി പറയുന്നതിനായി മാറ്റിയിരിക്കുന്നത്. ബംഗളൂരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് ഭീമ ഗൗഡയാണ് വിധി പുറപ്പെടുവിക്കുക. ബംഗളുരുവിലെ വ്യവസായി എംകെ കുരുവിള നല്‍കിയ കേസില്‍ പ്രതി ചേര്‍ത്തതില്‍ നിന്നും ഒഴിവാക്കണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം.

കുരുവിള നല്‍കിയ കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. 400 കോടി രൂപയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
നേരത്തെ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴ അടയ്ക്കണമെന്ന് കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി കോടതി റദ്ദാക്കി. തന്റെ വാദം കേള്‍ക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും കേസില്‍ തന്റെ ഭാഗം കേള്‍ക്കണമെന്നുമാണ് ഉമ്മന്‍ ചാണ്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് ഹര്‍ജിയില്‍ കോടതി വിശദമായി വാദംകേട്ടു. ഇതിന്റെ വിധിയാണ് ഇപ്പോള്‍ പ്രസ്താവിക്കുന്നത്.
400 കോടി രൂപയുടെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി കൊച്ചിയിലെ സ്‌കോസ എജ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്‍സി 1.35 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന് പരാതിയില്‍ കുരുവിള ആരോപിക്കുന്നു. എന്നാല്‍ കുരുവിള സമര്‍ച്ചിരിക്കുന്ന പരാതിയില്‍ താന്‍ നേരിട്ട് കൈക്കൂലി വാങ്ങിയതായി ആരോപണം ഉന്നയിച്ചിട്ടില്ലെന്നും, അതിനാല്‍ പ്രതി പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടുള്ളത്. ഈ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 10നാണു ഉമ്മന്‍ചാണ്ടി ഇടക്കാല ഹര്‍ജി സമര്‍പ്പിച്ചത്.
സൗരോര്‍ജ്ജ പദ്ധതി വാഗ്ദാനം ചെയ്ത് വ്യവസായിയായ കുരുവിളയില്‍ നിന്ന് 1.35 കോടിരൂപ വാങ്ങിയെന്ന പരാതിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 24 നാണ് ഉമ്മന്‍ ചാണ്ടിയടക്കം ആറുപ്രതികള്‍ക്കെതിരെ വിധി വന്നത്. പ്രതികള്‍ 1.61 കോടിരൂപ ഹര്‍ജിക്കാരന് നല്‍കണമെന്നായിരുന്നു വിധി. പ്ലാന്റ് സ്ഥാപിക്കാതെ തന്നെ കബളിപ്പിച്ചെന്ന് കാട്ടിയായിരുന്നു കുരുവിള പരാതി നല്‍കിയിരുന്നത്.
ഒരു കോടി അറുപത് ലക്ഷത്തി എണ്‍പത്തോരായിരത്തി എഴുന്നൂറ് രൂപ നല്‍കാനാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. പണം തിരിച്ചടച്ചില്ലെങ്കില്‍ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്നും വിധിയില്‍ ഉണ്ടായിരുന്നു. ആറുപ്രതികള്‍ ഉള്ള കേസില്‍ ഉമ്മന്‍ ചാണ്ടി അഞ്ചാം പ്രതിയായിരുന്നു. ഉമ്മന്‍ ചാണ്ടി ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിവരായിരുന്നു പ്രതികള്‍.
രണ്ടു മാസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കണമെന്നാണ് ബംഗളുരു ജില്ലാ സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്സിഡി ലഭ്യമാക്കുന്നതിനുമായി 1.35 കോടി രൂപ ഉമ്മന്‍ചാണ്ടിയും അടുപ്പക്കാരും കൈപ്പറ്റിയെന്നായിരുന്നു എംകെ കുരുവിളയുടെ പരാതി.
എറണാകുളം ആസ്ഥാനമായുള്ള സോസ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ്, സോസ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ്, സോസ കണ്‍സള്‍ട്ടന്റ്‌ ്രൈപവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വഴി സോളാര്‍ സാങ്കേതിക വിദ്യകള്‍ ഇറക്കുമതി ചെയ്യാനായിരുന്നു പദ്ധതി. ഈ പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി നേരിട്ടും ഫോണിലൂടെയും ഉറപ്പു നല്‍കിയിരുന്നു എന്നാണ് കുരുവിള പരാതിയില്‍ പറഞ്ഞിരുന്നത്.

KCN

more recommended stories