ബാങ്ക് ഗ്യാരന്റി നല്‍കാത്ത വിഷയം: പുറത്താക്കിയ വിദ്യാര്‍ത്ഥികളെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ തിരിച്ചെടുത്തു

കോഴിക്കോട്: ബാങ്ക് ഗ്യാരന്റി നല്‍കാത്തതിന് പുറത്താക്കിയ മുഴുവന്‍ വിദ്യാര്‍ഥികളെയും മലബാര്‍ മെഡിക്കല്‍ കോളജില്‍ തിരിച്ചെടുത്തു. വിദ്യാര്‍ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് തീരുമാനം. 33 കുട്ടികളില്‍ 22 പേര്‍ ബാങ്ക് ഗ്യാരന്റി നല്‍കാമെന്ന് രേഖാമൂലം എഴുതി നല്‍കിയതിനെ തുടര്‍ന്ന് രാവിലെ ക്ലാസില്‍ കയറ്റിയതായും അധികൃതര്‍ അറിയിച്ചു.

ആറു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി നല്‍കാത്തതിനെ തുടര്‍ന്നാണ് 33 എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ക്ലാസില്‍നിന്ന് കോളജ് മാനേജ്‌മെന്റ് പുറത്താക്കിയിരുന്നത്. ഗ്യാരന്റി തുക ഹാജരാക്കാതെ ക്ലാസില്‍ കയറേണ്ടെന്നു വിദ്യാര്‍ഥികളോടു നിര്‍ദേശിക്കുകയായിരുന്നു. കുട്ടികളോടു ബാങ്ക് ഗ്യാരന്റി ആവശ്യപ്പെടരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ നടപടി.

രണ്ടാഴ്ച മുന്‍പ് പ്രവേശനം നേടിയവരെയാണ് കോളേജ് അധികൃതര്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത്. ബാങ്ക് ഗ്യാരന്റി നല്‍കിയശേഷം മാത്രമേ ക്ലാസില്‍ പ്രവേശിപ്പിക്കൂവെന്നാന്നായിരുന്നു മാനേജ്മെന്റിന്റെ നിലപാട്. കുട്ടികളോടു ബാങ്ക് ഗാരന്റി ആവശ്യപ്പെടരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയായിരുന്നു കോളേജ് അധികൃതരുടെ നടപടി.

സ്വാശ്രയപ്രവേശന ഫീസുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതി, ആറു ലക്ഷം രൂപയ്ക്ക് ബാങ്ക് ഗ്യാരന്റി ഈടാക്കാന്‍ കോളേജുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇത് പല വിദ്യാര്‍ത്ഥികള്‍ക്കും സാധ്യമാകാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടുകയും സര്‍ക്കാര്‍ തലത്തില്‍ ബാങ്ക് ഗ്യാരന്റി ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയും ചെയ്യുകയാണ്.
സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തിനു ബാങ്ക് ഗാരന്റി നല്‍കാത്ത കാരണത്താല്‍ മാത്രം ഒരു വിദ്യാര്‍ഥിക്കും പ്രവേശനം നഷ്ടമാവില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഈ നിലപാട് ആവര്‍ത്തിച്ചു. 11 ലക്ഷം രൂപ ഫീസ് നിശ്ചയിച്ചതില്‍ ആറു ലക്ഷം രൂപയാണ് കുട്ടികള്‍ ബാങ്ക് ഗ്യാരന്റിയായി നല്‍കേണ്ടത്.
എന്നാല്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ അഞ്ച് ലക്ഷത്തിന് പകരം തങ്ങളോട് ഏഴ് ലക്ഷം രൂപ പ്രവേശനസമയത്ത് ഈടാക്കിയതായും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരുന്നു.
മെഡിക്കല്‍ പ്രവേശന ഫീസായി എല്ലാ സ്വാശ്രയ കോളെജുകള്‍ക്കും 11 ലക്ഷം രൂപ വാങ്ങാമെന്ന് സുപ്രീംകോടതി ഉത്തരവ് വന്നതോടെയാണ് ബാങ്ക് ഗ്യാരന്റി വിഷയം ഉയര്‍ന്നുവന്നത്. 11 ലക്ഷം ഫീസില്‍ അഞ്ച് ലക്ഷം പണമായും ആറ് ലക്ഷം ബാങ്ക് ഗ്യാരന്റിയായും നല്‍കണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളെജുകള്‍ക്കും വിധി ബാധകമാണ്. ആറു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി നല്‍കുന്ന കാര്യത്തില്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിമുട്ട് വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ബാങ്കുകളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
രണ്ട് സ്വാശ്രയ കോളെജുകള്‍ക്ക് 11 ലക്ഷം ഫീസ് വാങ്ങാന്‍ അനുമതി നല്‍കിയ സുപ്രിം കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു മുഴുവന്‍ കോളേജുകള്‍ക്കും 11 ലക്ഷം വാങ്ങാന്‍ അനുമതി നല്‍കിയുള്ള ഉത്തരവ് വന്നത്.

KCN

more recommended stories