സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്‍ അനുമതി

ജിദ്ദ: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കി.അടുത്തവര്‍ഷം ജൂണില്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഉന്നത സഭയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദിന്റെ ചരിത്രപരമായ ഉത്തരവ്. സ്ത്രീകളുടെ സുരക്ഷയും രാജ്യത്തിന്റെ പുതിയ സൗഹചര്യങ്ങളും പരിഗണിച്ചാണ് തീരുമാനം. ശരീഅത്ത് നിയമം അനുസരിച്ച് സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് വിലക്കില്ല.എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് അനുമതി നല്‍കാതിരുന്നത്. ഇതാണ് ഉന്നതസഭ തിരുത്തിയത്. തീരുമാനം നടപ്പാക്കാന്‍ രാജാവ് ആഭ്യന്തര, ധന, തൊഴില്‍, സാമൂഹ്യകാര്യവകുപ്പുകളെ ഉള്‍പ്പെടുത്തി ഉന്നതസമിതിയും രൂപീകരിച്ചു. 30 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം.

സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് കര്‍ശന ശിക്ഷയാണ് സൗദിയില്‍ നിലവിലുള്ളത്. നിരവധിപ്പേര്‍ നിയമലംഘനത്തിന് ഇപ്പോള്‍ ജയിലിലുമുണ്ട്. സ്ത്രീ-പുരുഷന്‍മാര്‍ ഒരുമിച്ച് പൊതുചടങ്ങില്‍ പങ്കെടുക്കുന്നതിന് കര്‍ശന വിലക്കുള്ള സൗദിയില്‍ ശനിയാഴ്ച ദേശീയ ദിനാഘോഷത്തില്‍ റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ ചരിത്രത്തില്‍ ആദ്യമായി വനിതകളും എത്തി. സ്ത്രീ സ്വാതന്ത്ര്യത്തില്‍ സൗദിന നയംമാറ്റം പ്രകടമായ ചടങ്ങിന് പിന്നാലെയാണ് സുപ്രധാന ഉത്തരവ്. തീരുമാനം ശരിയായ ദിശയിലുള്ള ശരിയായ ചുവടാണെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും സൗദി നീക്കത്തെ സ്വാഗതം ചെയ്തു.

KCN

more recommended stories