വരിക്കാരെ കൊള്ളയടിക്കല്‍: സ്റ്റാര്‍ ഗ്രൂപ്പിനെതിരെ പ്രതിഷേധം കത്തുന്നു

കാസര്‍കോട് : വരിക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കാനുള്ള സ്റ്റാര്‍ ഗ്രൂപ്പിന്റെ നീക്കത്തിനെതിരെ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ പ്രതിഷേധം ശക്തമാക്കുന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തുകയും സ്റ്റാര്‍ ഗ്രൂപ്പ് മേധാവിയുടെ കോലം കത്തിക്കുകയും ചെയ്തു.
ചെറുകിട കേബില്‍ ടി.വി ഓപ്പറേറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി മലയാളി പ്രേക്ഷകരില്‍ നിന്നും അമിതമായ പേ ചാനല്‍ നിരക്ക് ഈടാക്കാനുള്ള റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഗൂഢതന്ത്രങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് ജില്ലയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. മലയാളത്തിലെ പ്രധാന ജനപ്രിയ ചാനലുകളെല്ലാം പണം ഈടാക്കുന്ന ജനപ്രിയ പരിപാടികള്‍ നല്‍കുമ്പോള്‍ ഏഷ്യനെറ്റ്, ഏഷ്യനെറ്റ് പ്ലസ്, ഏഷ്യനെറ്റ് മൂവീസ്, സ്റ്റാറിന്റെ മറ്റ് സ്‌പോര്‍ട്‌സ് ചാനലുകള്‍ തുടങ്ങിയവ വര്‍ഷങ്ങളായി അമിത ചാര്‍ജ്ജാണ് ഈടാക്കുന്നത്. ഇതിനെ ചെറുത്ത് തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ പ്രതിഷേധ സമരം നടത്തിയത്.

പഴയ ബസ്റ്റാന്റ് പരിസരത്തുനിന്നാരംഭിച്ച പന്തം കൊളുത്തി പ്രകടനം പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ യോഗത്തില്‍ സി.ഒ.എ ജില്ലാ പ്രസിഡന്റ് സതീഷ് കെ പാക്കം, ജില്ലാ സെക്രട്ടറി എം. ലോഹിതാക്ഷന്‍ എന്നിവര്‍ സമര സാഹചര്യം വിശദമാക്കി.മേഖലാ സെക്രട്ടറി മനോജ് കുമാര്‍ വി.വി സ്വാഗതവും ട്രഷറര്‍ എം.ആര്‍. അജയന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മേഖലാ പ്രസിഡന്റ് പുരുഷോത്തം എം നായ്ക്ക് സ്റ്റാര്‍ ഗ്രൂപ്പ് മേധാവി റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ കോലത്തിന് തീ കൊളുത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷുക്കൂര്‍ കോളിക്കര, രഘുനാഥ്, കെ. ശ്രീനാരായണന്‍, സി.സി.എന്‍ എം.ഡി ടി.വി മോഹനന്‍, മേഖലാ ട്രഷറര്‍ പ്രീതം, കെ.സി.എന്‍ ഡയറക്ടര്‍മാരായ ലോഹിതാക്ഷന്‍, ദിവാകരന്‍, ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പേ ചാനലുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കരുതെന്ന അന്താരാഷ്ട്ര കീഴ്‌വഴക്കം ലംഘിക്കുന്ന സ്റ്റാര്‍ ഗ്രൂപ്പിന്റെ നിലപാടിനെതിരെ പ്രേക്ഷകരിലും പ്രതിഷേധം ശക്തമാകുകയാണ്.

KCN

more recommended stories