ലോകകപ്പ്: കൊച്ചില്‍ ബ്രസീലിന് ആദ്യ ജയം: സ്‌പെയിനിനെ തോല്‍പ്പിച്ചത് 2-1ന്

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ ഗാലറിയെ നിരാശരാക്കാതെ ബ്രസീല്‍ ടീം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച മഞ്ഞപ്പടയുടെ യുവരക്തം അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയിച്ചു. സ്‌പെയിനിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. 25ാം മിനിറ്റില്‍ ഒന്‍പതാം നമ്പര്‍ താരം ലിങ്കനും ആദ്യ പകുതിയുടെ അധികസമയത്ത് ഏഴാം നമ്പര്‍ താരം പൗളീഞ്ഞോയുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്.

മല്‍സരത്തിന് അഞ്ചു മിനിറ്റു മാത്രം പ്രായമുള്ളപ്പോള്‍ സ്പാനിഷ് താരം മുഹമ്മദ് മൗക്ലിസ് തൊടുത്ത ഷോട്ട് ബ്രസീല്‍ വലയില്‍ കയറിയിരുന്നു. എന്നാല്‍, ഇടയ്ക്ക് ബ്രസീലിന്‍ പ്രതിരോധനിര താരം വെസ്ലിയുടെ കാലില്‍ത്തട്ടി പന്തിന്റെ ഗതിമാറിയതിനാല്‍ ഇത് സെല്‍ഫ് ഗോളായാണ് കണക്കാക്കിയത്.

ആരാധകരുടെ കാത്തിരിപ്പു ശരിവച്ച് ആവേശം അലതല്ലിയതായിരുന്നു മല്‍സരത്തിന്റെ ആദ്യപകുതി. നിലയുറപ്പിക്കാന്‍ പാടുപെട്ട ബ്രസീലിനെ ഞെട്ടിച്ച് അഞ്ചാം മിനിറ്റില്‍ സ്‌പെയിന്‍ മുന്നില്‍. ഇതെന്ത് ബ്രസീല്‍ എന്ന് ആരാധകര്‍ സങ്കടപ്പെട്ടിരിക്കെ കണ്‍മുന്നില്‍ സടകുടഞ്ഞെണീറ്റ് രണ്ടു ഗോള്‍ മടക്കി ബ്രസീലിന്റെ ഉഗ്രന്‍ മറുപടി. ഫലത്തില്‍, അഞ്ചാം മിനിറ്റിലെ സ്‌പെയിനിന്റെ ആദ്യ ഗോള്‍ മല്‍സരത്തില്‍ ബ്രസീലിന്റെ ഉണര്‍ത്തുപാട്ടായി മാറിയെന്ന് ചുരുക്കം.

KCN

more recommended stories