വേങ്ങരയില്‍ പ്രചാരണത്തിന് കൊട്ടിക്കലാശം

വേങ്ങര: ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വാക്‌പോരാട്ടങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ഒടുവില്‍ വേങ്ങരയില്‍ ഇനി നിശബ്ദ പ്രചാരണം. വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ച ആവേശകരമായ കൊട്ടിക്കലാശത്തിന് ശേഷം ഇനി അറിയേണ്ടത് വേങ്ങരക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് മാത്രമാണ്. നാളെ ഒരു ദിവസത്തെ നിശബ്ദ പ്രചാരണങ്ങള്‍ക്ക് കൂടി കഴിഞ്ഞാല്‍ ബുധനാഴ്ച വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും.

വേങ്ങര നിയോജക മണ്ഡലം രൂപവത്കരിച്ചതിനു ശേഷം മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജിക്ക് ശേഷം മണ്ഡലത്തില്‍ നടക്കുന്നത്. ഇ അഹമ്മദിന്റെ ഒഴിവില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായി വിജയിച്ച് പോയതോടെയാണ് വേങ്ങരയില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

വിജയത്തുടര്‍ച്ച ഉറപ്പിച്ചാണ് യു.ഡി.എഫ് മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങിയതെങ്കിലും വിജയത്തിന് അപ്പുറം മറ്റൊന്നില്ലെന്ന തീരുമാനത്തില്‍ ഉറച്ചാണ് മണ്ഡലത്തില്‍എല്‍.ഡി.എഫും പ്രചാരണത്തിന് ഇറങ്ങിയത്. ബി.ജെ.പിയുടെ ജന രക്ഷായാത്ര അടക്കം മണ്ഡലത്തിലൂടെ കടന്ന് പോയത് കൊണ്ട് തന്നെ ബി.ജെ.പിയും വലിയ ആവേശത്തില്‍ തന്നെയായിരുന്നു.

ഒരു ഉപതിരഞ്ഞെടുപ്പ് എന്നതിനപ്പുറം സംസ്ഥാന രാഷ്ട്രീയം പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ച ഒരു തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വേങ്ങരയില്‍ നടന്ന് കൊണ്ടിരുന്നത്. സംസ്ഥാന നേതാക്കളും മുഖ്യമന്ത്രി അടക്കമുള്ളവരും വേങ്ങരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം കൂട്ടാനായി എത്തിച്ചേര്‍ന്നു.

ഹാദിയ കേസ്, നോട്ട് നിരോധനം, പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് എന്നിവയെല്ലാം ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഒടുവില്‍ ഇനി പോളിങ് ബൂത്തില്‍ കാണാം എന്ന പ്രഖ്യാപനവുമായി ആവേശത്തോടെയുള്ള കൊട്ടിക്കലാശത്തിന് ശേഷം പ്രവര്‍ത്തരും നാട്ടുകാരും വേങ്ങരയില്‍ നിന്നും മടങ്ങി.

KCN

more recommended stories