പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടപടിയില്ല; സരിത നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിത എസ്. നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താന്‍ നല്‍കിയിരുന്ന പരാതികള്‍ അന്വേഷിച്ചില്ലെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നെന്നും സരിതയുടെ പരാതിയില്‍ പറയുന്നു. 17 പേജുള്ള പരാതിയാണ് സരിത മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്.

ഇന്നു രാവിലെ മന്ത്രിസഭാ യോഗത്തിനു മുന്‍പ് ഒരു ദൂതന്‍ മുഖേന പരാതി മുഖ്യമന്ത്രിക്ക് എത്തിക്കുകയായിരുന്നു. മുഖ്യമന്ത്രി പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

കമ്മീഷന് മുന്‍പ് നല്‍കിയ പീഡന പരാതികള്‍ അടക്കമുള്ളവ ഈ പരാതിയിലും ആവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ പരാതിയില്‍ തനിക്ക് നേരിടേണ്ടിവന്ന പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയെടുത്തില്ല. മറിച്ച്, എല്ലാ കേസുകളിലും തന്നെ പ്രതിയാക്കാനുള്ള ശ്രമമാണ് നടന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍ സര്‍ക്കാരിന്റെ ഭാഗമായവര്‍ പ്രതിപ്പട്ടികയില്‍ ഉള്ളതിനാല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്നും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രി ഇടപെട്ട് തനിക്ക് നീതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

തുടരന്വേഷവുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് ഇറങ്ങാനിരിക്കെയാണ് സരിത പരാതി നല്‍കിയിരിക്കുന്നത്. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയനും സരിതയുടെ പരാതി അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

KCN

more recommended stories