സമ്പാദ്യത്തിന്റെ ഒരു വിഹിതമെങ്കിലും പാവങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കണം: സായിറാം ഭട്ട്

കാസര്‍കോട്: എല്ലാവരും സമ്പാദ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ തിരക്കിലാണെന്നും നമ്മള്‍ സമ്പാദിക്കുന്നതിന്റെ ഒരു വിഹിതമെങ്കിലും പാവങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ അതു പുണ്യമാണെന്നും നിരവധി അഗതികള്‍ക്ക് ആലംബമായ സാമൂഹിക പ്രവര്‍ത്തകന്‍ സായിറാം ഭട്ട് പറഞ്ഞു. മനുഷ്യന് പലവിധത്തില്‍ എത്രവേണമെങ്കിലും സമ്പാദിക്കാം. രണ്ടുകൈകൊണ്ടു സമ്പാദിക്കുന്നതില്‍ ഒരു കൈ സമ്പാദ്യം മതി ഒരാള്‍ക്ക് ജീവിക്കാന്‍. മറുകൈ സമ്പാദ്യം ദാനധര്‍മ്മങ്ങള്‍ക്ക് ചെലവഴിക്കാം-അദ്ദേഹം പറഞ്ഞു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ഗാന്ധിജയന്തി വാരാഘോഷ ജില്ലാതല സംഘാടക സമിതിയുടെയും ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ വസതിയില്‍ സംഘടിപ്പിച്ച ആദരണത്തില്‍ പുരസ്‌കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു സായിറാം ഭട്ട്. ആളുകള്‍ എന്തിനാണ് ഇങ്ങനെ സമ്പാദിക്കുന്നതെന്ന് മനസിലാകുന്നില്ല. എത്ര കിട്ടിയാലും മതിയാകുന്നില്ല. സമ്പാദിക്കുന്നത് ആരും കൊണ്ടുപോകുന്നില്ല. സമ്പാദ്യം വര്‍ധിപ്പിക്കുന്നതിനായി കള്ളത്തരവും മോഷണവും വരെനടക്കുന്നു. ചിലപ്പോള്‍ സമ്പാദിക്കുന്നത് മറ്റുള്ളവര്‍ പിടിച്ചുപറിക്കും. ആവശ്യമുള്ളത് സമ്പാദിച്ച് ബാക്കിയുള്ളത് സമൂഹത്തിന് വേണ്ടി ചെലഴിക്കണം. ജാതിമത ഭേദമില്ലാതെ ഒരമ്മയുടെ മക്കളെപോലെ പരസ്പരം സഹായിച്ചും സ്നേഹിച്ചും ജീവിക്കാന്‍ കഴിയണം-സായിറാം ഭട്ട് പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സായിറാം ഭട്ടിനെ പൊന്നാട അണിയിച്ചു ആദരിച്ച് പുരസ്‌കാരം സമ്മാനിച്ചു.
സേവനപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഗിന്നസ് ബുക്കില്‍ ഇടംനേടേണ്ട വ്യക്തിയാണ് സായിറാം ഭട്ട് എന്ന് എം.എല്‍.എ പറഞ്ഞു. പത്മശ്രീ പോലുള്ള വന്‍ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തുന്ന കാലം വിദൂരമല്ല. സര്‍ക്കാരുകളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് സായിറാം ഭട്ടിന്റെ പ്രവര്‍ത്തനം. ജാതി-മതഭേദമില്ലാതെ അര്‍ഹരായവര്‍ക്ക് വീടുവച്ചു നല്‍കുന്നു. പാവങ്ങള്‍ക്ക് ജീവനോപാധികള്‍ക്ക് ഉപകരിക്കുന്നവിധം തയ്യല്‍മെഷിനുകള്‍ വിതരണം ചെയ്യുന്നു. വീടുവയ്ക്കാന്‍ ഭൂമി നല്‍കുന്നു. ഇങ്ങനെയൊക്കെ ചെയ്യുന്ന ഒരു മഹത്വ്യക്തിയെ ലഭിച്ചത് കാസര്‍കോടിന്റെ ഭാഗ്യമാണെന്നും എംഎല്‍എ പറഞ്ഞു.
ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണഭട്ട് അധ്യക്ഷനായിരുന്നു. കെ.വി രാഘവന്‍ മാസ്റ്റര്‍, ബി.എം ഹമീദ് സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എം.മധുസൂദനന്‍ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍ഷേന്‍ ഓഫീസര്‍ സി.ടി ജോണ്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories