എല്‍ബിഎസ് കോളജില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് അഴിമതിക്ക് മറയിടാനാണെന്ന് എസ്എഫ്ഐ

കാസര്‍കോട്: കാസര്‍കോട് പൊവ്വല്‍ എല്‍ബിഎസ് കോളജില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് അഴിമതിക്ക് മറയിടാനാണെന്ന ആരോപണവുമായി എസ്എഫ്ഐ രംഗത്ത്. എസ് എഫ് ഐ ജില്ലാ സെക്രട്ടറി കെ. മഹേഷ്, ജോ. സെക്രട്ടറി ശ്രീജിത്ത് രവീന്ദ്രന്‍, ഭാരവാഹികളായ ഹബീബ് റഹ് മാന്‍, ആല്‍ബിന്‍ മാത്യു, താരിഖ് അസീസ്, പി.എം അഖില്‍, ഷിബുലാല്‍ എന്നിവരാണ് എല്‍ബിഎസ് കോളജില്‍ നടക്കുന്ന തെറ്റായ പ്രവണതകള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിവരിച്ചത്. കോളജില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് അതിന്റെ മറവില്‍ മുമ്പുണ്ടായ അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തകളെ മുക്കിക്കളയാനുള്ള ശ്രമമാണ് ലീഗ്- യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി കോളജിലെ സാമ്പത്തിക ഇടപാടുകളിലെ വന്‍ അഴിമതികളാണ് എസ്എഫ്ഐ യൂണിറ്റ് ഉയര്‍ത്തിക്കൊണ്ടു വന്നത്. അഴിമതിക്കാരെ ഇത് ഭീതിയിലാഴ്ത്തിയിരുന്നു. അവരുടെ ആസൂത്രണമാണ് ആക്രമത്തിനു പിന്നില്‍.

കോളജില്‍ വിളിച്ച സമാധാന യോഗ തീരുമാനങ്ങള്‍ അട്ടിമറിക്കാന്‍ കോളജ് അധികൃതര്‍ കൂട്ടുനില്‍ക്കുന്നു. യുഡിഎസ്എഫ് പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും ചേര്‍ന്ന് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് കോളജിനകത്തു വെച്ചും പുറത്തുവെച്ചും മര്‍ദിക്കുന്നു. മെന്‍സ് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. കോളജിന് പുറത്ത് സ്ഥിതി ചെയ്യുന്ന പൊവ്വല്‍, ബേര്‍ക്ക ഹോസ്റ്റലുകളില്‍ ചെര്‍ക്കളയിലെ ലീഗ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമികള്‍ ജനല്‍ ചില്ലുകള്‍ തകര്‍ക്കുന്നതിനിടെ എം എസ് എഫ് പ്രവര്‍ത്തകന് ആദിലിന് പരിക്കേല്‍ക്കുകയായിരുന്നു. എസ്എഫ്ഐ ക്കാര്‍ ആയുധങ്ങള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ചുവെന്ന കുപ്രചരണമാണ് മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികള്‍ തന്നെ ആരോപിക്കുന്നത്. കോളജില്‍ കല്യാണ മണ്ഡപം, പുതിയ ക്ലാസ് റൂം ബ്ലോക്ക്, രണ്ട് ഗ്രൗണ്ടുകള്‍, ഡിപാര്‍ട്മെന്റ് ഫണ്ടുകള്‍, ഹോസ്റ്റല്‍ ഫണ്ടുകള്‍ ഉള്‍പെടെയുള്ള വിഷയങ്ങളിലെ അഴിമതികളാണ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ വിജിലന്‍സിനെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. അഞ്ചു വര്‍ഷത്തെ മുഴുവന്‍ ഇടപാടുകളും അന്വേഷിക്കണം. വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തുക, കഴിഞ്ഞ ആറു വര്‍ഷങ്ങളായി വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്താത്തത് അരാജകത്വത്തിന് വഴിവെച്ചിരിക്കുകയാണ്.

അക്രമം നടത്തുന്നത് തടയുന്നതിനായി ജില്ലാ ഭരണകൂടം ഇടപെടണം. ബേര്‍ക്ക, നാലാംമൈല്‍ ഹോസ്റ്റലുകള്‍ ഒഴിവാക്കുകയും കോളജ് പരിസരത്ത് ഹോസ്റ്റലുകള്‍ പുന:സ്ഥാപിക്കുകയും ചെയ്യണം. സംഭരണ വിഭാഗക്കാരുടെ ഗ്രാന്‍ഡ് ഉള്‍പെടെയുള്ള ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തണം. കോളജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പുതിയ ഓഡിറ്റോറിയത്തിനുള്ള പ്രാഥമിക പണിയാരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോളജില്‍ കല്യാണ മണ്ഡപത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ അനുവദിച്ച ഈ ഗ്രാന്‍ഡ് ഉപയോഗിച്ച് കോളജിനകത്ത് ഹോസ്റ്റല്‍ നിര്‍മിക്കണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു. സ്റ്റുഡന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവില്‍ ചിട്ടി ഇടപാടാണ് നടക്കുന്നതെന്നും എസ് എഫ് ഐ ആരോപിച്ചു. ബൈലോ തെറ്റായി വ്യാഖാനിച്ച് റിസ്‌ക് ബോണ്ടായി ഉപയോഗിച്ചാണ് ചിട്ടി നടത്തുന്നത്. ഔദ്യോഗിക ഫണ്ടുകള്‍ സ്വകാര്യആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും എസ്എഫ്ഐ ആരോപിച്ചു. കോളജിലെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നത് പുറത്തുനിന്നുള്ളവരുടെ ഇടപെടലാണ്. ഇത് അവസാനിപ്പിക്കണം. 23 ന് കലക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാന കമ്മിറ്റി യോഗത്തില്‍ ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.

KCN

more recommended stories