രഞ്ജി ട്രോഫി: രാജസ്ഥാനെതിരെ കേരളത്തിന് മികച്ച തുടക്കം

തിരുവനന്തപുരം: രഞ്ജി ട്രോഫി ഗ്രൂപ് ബി മത്സരത്തില്‍ കേരളത്തിന് രാജസ്ഥാനെതിരെ മികച്ച തുടക്കം. ആദ്യദിനം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍ എന്നനിലയിലാണ് ആതിഥേയര്‍. കേരളത്തിനായി രോഹന്‍ പ്രേം (86), ജലജ് സക്‌സേന (79) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. 38 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും 25 റണ്‍സുമായി സഞ്ജു സാംസണുമാണ് ക്രീസില്‍. ഗുജറാത്തിനെതിരെ ഇറങ്ങിയ ടീമില്‍ മാറ്റവുമായാണ് കേരളം തുമ്പയില്‍ ഇറങ്ങിയത്. കഴിഞ്ഞ രണ്ടുകളിയിലും നിറം മങ്ങിയ ഓപണര്‍ രാഹുലിന് പകരം വിഷ്ണു വിനോദിനെയാണ് ഇന്നിങ്‌സ് ഓപണ്‍ ചെയ്യാന്‍ കോച്ച് ഡേവ് വാട്ട്‌മോര്‍ ഇറക്കിയത്. എന്നാല്‍, ക്യാപ്റ്റന്റെയും കോച്ചിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് ആദ്യ ഓവറിലെ നാലാം പന്തില്‍തന്നെ വിഷ്ണു (2) മടങ്ങി. രാജസ്ഥാന്‍ ക്യാപ്റ്റന്‍ പങ്കജ് സിങ്ങിന്റെ പന്തില്‍ കീപ്പര്‍ ഡി.എച്ച് യാഗ്‌നിക് വിഷ്ണുവിനെ പിടികൂടുകയായിരുന്നു. എന്നാല്‍, രണ്ടാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ജലജ് സക്‌സേനയും രോഹന്‍ പ്രേമും ശ്രദ്ധയോടെ ബാറ്റ് ചെയ്തതോടെ കേരളം മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 164 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. സ്‌കോര്‍ 166ല്‍ നില്‍ക്കേ സ്പിന്നര്‍ ആര്‍.ബി ബിഷ്‌ണോയിയെ കയറിയടിക്കാന്‍ ശ്രമിച്ച ജലജിനെ യാഗ്‌നിക് സ്റ്റംപ് ചെയ്ത് പുറത്താക്കി. തൊട്ടുപിറകേ രോഹനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ലോംറര്‍ രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നാല്‍, ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സഞ്ജുവും ചേര്‍ന്ന് കളി വീണ്ടും കേരളത്തിന്റെ വരുതിയിലാക്കുകയായിരുന്നു.

KCN

more recommended stories