കളിത്തോക്കൂചൂണ്ടി 2.45 ലക്ഷം രൂപ തട്ടിയെടുത്തു: രണ്ടര വര്‍ഷത്തിനു ശേഷം പ്രതി അറസ്റ്റില്‍

കാസര്‍കോട്: വ്യാപാരിയെ കളിത്തോക്കൂചൂണ്ടി 2.45 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവാവ് രണ്ടര വര്‍ഷത്തിനു ശേഷം അറസ്റ്റിലായി. ചെമനാട് ദേളിയിലെ ബി.എം. ഷമീറി (35) നെയാണ് കാസര്‍കോട് സി.ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. 2014 ഡിസംബര്‍ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തിരുവനന്തപുരം മണക്കാട് സ്വദേശി നിസാമിനെ (38) തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നാണ് കേസ്. വിദേശ ഉല്‍പന്നങ്ങള്‍ വാങ്ങി വില്‍പ്പന നടത്തുന്നുവെന്ന് പത്ര പരസ്യം കണ്ട് കാസര്‍കോട്ടെത്തിയതായിരുന്നു നിസാം. 16ന് വൈകുന്നേരം 4.30 ന് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് നാല് പേര്‍ അടങ്ങുന്ന സംഘം കാറില്‍ കയറ്റി കൊണ്ടുപോവുകയും ഒരാള്‍ തോക്കുചൂണ്ടിയും മറ്റൊരാള്‍ വയറ്റില്‍ കത്തി വെച്ചും ഭീഷണിപ്പെടുത്തി പണവും 35,000 രൂപ വിലവരുന്ന വാച്ചും തട്ടിയെടുത്തുവെന്നാണ് കേസ്.

സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ഒരാളെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ പ്രതികളായ കര്‍ണാടക ഉപ്പിനങ്ങാടി അബ്ദുര്‍ റസാഖ്, ഉമ്മര്‍ ഫാറൂഖ് എന്നിവരെ പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. സംഘം കവര്‍ച്ച ചെയ്ത വാച്ച് ഷമീറിന്റെ ഭാര്യവീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തിയിട്ടുണ്ട്. ബലാത്സംഗകേസിലും, മടിക്കേരിയില്‍ ഒരു കേസും ഷമീറിനെതിരെ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

KCN

more recommended stories