എന്‍സിപിയുടെ നിര്‍ണായക യോഗം നാളെ

കൊച്ചി: മന്ത്രി തോമസ്ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നത് സംബന്ധിച്ച നിര്‍ണായക തീരുമാനം നാളെ ഉണ്ടാകും. രാജിക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് നാളെ എന്‍സിപി യോഗം കൊച്ചിയില്‍ നടക്കാനിരിക്കെ ചാണ്ടി അനുകൂലികള്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടങ്ങി. ഹൈക്കോടതിയിലെ കേസ് നടത്താന്‍ സുപ്രീം കോടതി അഭിഭാഷകരുമായും ചര്‍ച്ച നടത്തി. എല്‍ഡിഎഫ് യോഗശേഷം എല്ലാ പ്രതീക്ഷയും നഷ്ട്ടമായാണ് തോമസ്ചാണ്ടി കൊച്ചിയില്‍ എത്തിയിരിക്കുന്നത്. ഇനിയും രാജി നീട്ടാനാകില്ലെന്ന് തോമസ് ചാണ്ടിയും പാര്‍ട്ടിയും മനസ്സിലാക്കിയിട്ടുണ്ട്. എങ്കിലും ഹൈക്കോടതിയില്‍ കൂടി നേരിയ പ്രതീക്ഷ വെക്കുകയാണ് ചാണ്ടി. ഭൂമി കൈയ്യേറ്റത്തില്‍ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ പ്രതിരോധിക്കാന്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ കൊണ്ടുവരാനാണ് നീക്കം. സീനിയര്‍ അഭിഭാഷകനായ സിദ്ധാര്‍ഥ് ലുത്ര അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. കേസില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല നിരീക്ഷണം ഉണ്ടായാല്‍ അത് പിടിവള്ളിയാക്കി രാജി ഒഴിവാക്കാമെന്നാണ് പ്രതീക്ഷ. നാളെയാണ് ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നത്. അതേസമയം ഇനി തോമസ് ചാണ്ടി തുടരുന്നത് ശരിയല്ലെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉണ്ട്. ചാണ്ടിയെ ഇത് നേരിട്ട് അറിയിക്കാന്‍ ഭയപ്പെടുന്ന ഈ വിഭാഗം കേസ് ഒത്തുതീര്‍പ്പാക്കി വരുന്ന ശശീന്ദ്രനെ മാത്രിയാക്കാമെന്നു ആവശ്യപ്പെടും. ശശീന്ദ്രനെതിരായ പരാതി ഒത്തുതീര്‍പ്പാക്കുന്നത് സംബന്ധിച്ച കേസ് ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും. ഏതായാലും കൊച്ചിയില്‍ ഇനി എന്‍സിപിക്കും ചാണ്ടിക്കും നിര്‍ണായക ദിവസങ്ങളാണ്.

KCN

more recommended stories