ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി വെട്ടിക്കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം ഒപ്പുവച്ചു. ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷത്തില്‍നിന്നു രണ്ടു വര്‍ഷമായി കുറച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണമാവസ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ നിയമ സെക്രട്ടറി വഴി മറുപടി നല്‍കിയിരുന്നു.

കെടുകാര്യസ്ഥത, ഫണ്ട് വിനയോഗത്തിലെ അപാകത, അനാസ്ഥ തുടങ്ങിയ കാരണങ്ങളാലാണ് നിലവിലുള്ളവരെ മാറ്റിയതെന്നായിരുന്നു സര്‍ക്കാര്‍ ഗവണറെ ധരിപ്പിച്ചത്. ശബരിമല തീര്‍ഥാടനത്തെ മാറ്റം ബാധിക്കുമോയെന്ന ഗവര്‍ണറുടെ ചോദ്യത്തിന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെയും അംഗം അജയ് തറയിലിനെയും ഒഴിവാക്കാനായി ഇവര്‍ അധികാരമേറ്റ് രണ്ടു വര്‍ഷം തികയുന്നതിനു തലേദിവസം പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് ദേവസ്വം ഓര്‍ഡിനന്‍സ് ഇറക്കിയത്.
എന്നാല്‍, ഈ വര്‍ഷത്തെ മണ്ഡല- മകരവിളക്ക് സീസണുകള്‍ ആരംഭിക്കാന്‍ നാലു ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ പ്രസിഡന്റിനെയും ദേവസ്വം ബോര്‍ഡ് അംഗത്തെയും പുറത്താക്കിക്കൊണ്ട് ഇറക്കിയ ഓര്‍ഡിനന്‍സിനെതിരേ പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നു കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

KCN

more recommended stories