പത്മാവതി’യുടെ റിലീസ് തടയണമെന്ന ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: സഞ്ജയ്‌ലീല ബന്‍സാലി ചിത്രം ‘പത്മാവതി’യുടെ റിലീസ് തടയണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം സംബന്ധിച്ച വിഷയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയാണ് പൊതുതാല്‍പര്യ ഹരജി കോടതി തള്ളിയത്. സിനിമ പ്രദര്‍ശിപ്പിക്കണോ തടയണമോയെന്നത് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണ്. സെന്‍സര്‍ ബോര്‍ഡിന്റെ ചുമതലയില്‍ കൈകടത്തുന്നില്ലെന്നും തീരുമാനം വരുന്നതിന് മുമ്പ് വിധി പറയാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചിത്രം രജപുത്ര രാജ്ഞി പത്മിനിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് അഭിഭാഷകന്‍ എം.എല്‍ ശര്‍മ്മ വാദിച്ചു. സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കുന്നതിന് മുമ്പ് ചിത്രത്തിലെ ഗാനരംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ റിലീസ് ചെയ്തത് നിയമവിരുദ്ധമാണെന്നും ശര്‍മ്മ ചൂണ്ടിക്കാട്ടി. പത്മാവതിക്ക് നേരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസിങ് മാറ്റിവെച്ചിരുന്നു. ഡിസംബര്‍ ഒന്നിനാണ് റിലീസ് തീരുമാനിച്ചിരുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം വൈകാതെ ലഭിക്കുമെന്നണ് പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍. ഇതിനിടെ ചിത്രത്തിലെ നായികയായ ദീപികക്കെതിരെ വധഭീഷണിയും ഉയര്‍ന്നു. സിനിമയില്‍ നായികയായ ദീപിക പദുകോണിനെ ജീവനോടെ കത്തിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നാണ് അഖില ഭാരതീയ ക്ഷത്രിയ മഹാസഭ (എ.ബി.കെ.എം) യുവജന വിഭാഗം നേതാവ് ഭുവനേശ്വര്‍ സിങ് പ്രതിഷേധ യോഗത്തില്‍ കൊലവിളി നടത്തിയത്. 14-ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മിനിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക പദുകോണ്‍ റാണി പത്മിനിയാകുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്, അലാവുദ്ദീന്‍ ഖില്‍ജിയെ അവതരിപ്പിക്കുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമ. 160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്‌ചേഴ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

KCN

more recommended stories