ശബരിമലയിലെ തിരക്ക് അനിയന്ത്രിതം: കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തും

ശബരിമല: കഴിഞ്ഞ രണ്ടു ദിവസമായി ശബരിമലയില്‍ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തും. രണ്ടുദിവസമായി തുടരുന്ന തിരക്ക് അനിയന്ത്രിതമായതിനെ തുടര്‍ന്നാണ് നടപടി. ഈ തീര്‍ഥാടനകാലത്ത് നട തുറന്നതിനുശേഷമുള്ള ഏറ്റവും വലിയ തിരക്കായിരുന്നു വെള്ളിയാഴ്ച വൈകീട്ട് മുതലുണ്ടായത്.തിരക്കു നിയന്ത്രിക്കാന്‍ കേന്ദ്രസേനയും ഇറങ്ങേണ്ടിവന്നു.പുതിയ ക്രമീകരണത്തില്‍ അയ്യപ്പന്മാരെ വടക്കേനടയിലെ പടി വഴി തിരുമുറ്റത്തേക്കു വിടില്ല. പകരം നെയ്യഭിഷേക ക്യൂവിന് സമീപത്തു പ്രത്യേകം തയ്യാറാക്കിയ ബാരിക്കേഡിനുള്ളിലൂടെയാണ് കടത്തിവിടുന്നത്.ഇതിലേക്ക് കയറാനുള്ള പടിയിലുണ്ടായ തിരക്കാണ് നിയന്ത്രിക്കാന്‍ കഴിയാതെ പോയത്. എല്ലാവരും ഒന്നിച്ചു പടികയറാന്‍ ശ്രമിച്ചതോടെ ബഹളമായി. ആളുകള്‍ വീഴുമെന്ന നിലയായി. പോലീസ് ഇവരെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.പിന്നെ കൂടുതല്‍ പോലീസെത്തി വലയം ഉണ്ടാക്കി. പടികയറിയവരെ താഴെയിറക്കി ഒറ്റവരിയാക്കി. കേന്ദ്രസേനാംഗങ്ങളും എത്തിയതോടെ തിരക്ക് നിയന്ത്രണവിധേയമാക്കി. ഉച്ചതിരിഞ്ഞ് ഇവിടെ പടിയോടുചേര്‍ന്ന് മീഡിയാ സെന്ററിന് മുന്നില്‍ പ്രത്യേകം ഒരു ബാരിക്കേഡുകൂടി ഉണ്ടാക്കി. ഇതു വഴിയാണ് അയ്യപ്പന്മാരെ വിട്ടത്. പക്ഷേ, ഇവിടെ ബാരിക്കേഡുവെച്ചത് വഴിയുടെ വീതി കുറച്ചിട്ടുണ്ട്. ട്രാക്ടറുകള്‍ കടന്നുപോകുന്നത് ഇതിലെയാണ്. മാളികപ്പുറം ദര്‍ശനംകഴിഞ്ഞ് വരുന്നവര്‍ തിരുമുറ്റത്തേക്ക് മടങ്ങിവരുന്നതും ഇതിലെയാണ്. പ്രശ്നത്തിന് സ്ഥിരമായ പരിഹാരം എന്തെന്ന് വ്യക്തമല്ല. തിരക്കു നിയന്ത്രണത്തിന് നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ വേണ്ട പരിഷ്‌കാരങ്ങള്‍ നടത്താമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

KCN

more recommended stories