ഹാദിയ കേസ്: അശോകന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പിതാവ് അശോകന്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. എങ്ങനെ വാദം കേള്‍ക്കണമെന്ന് കോടതി നിശ്ചയിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ മാസം 27-ന് ഹാദിയയെ ഹാജരാക്കുന്നത് അടച്ചിട്ട കോടതിയിലാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അശോകന്‍ വീണ്ടും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. കുടുംബത്തിന്റെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുക്കണമെന്നും അശോകന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ‘ഇന്ത്യാടുഡേ’ ചാനല്‍ പോപുലര്‍ ഫ്രണ്ടിനെതിരെ നടത്തിയ ഒളികാമറ ഓപറേഷന്റെയും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെയും അടിസ്ഥാനത്തിലായിരുന്നു അപേക്ഷ.ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയില്‍ രേഖപ്പെടുത്തണമെന്ന അശോകന്റെയും എന്‍.ഐ.എയുടെയും വാദം സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. ഹേബിയസ് കോര്‍പസ് ഹരജിയില്‍ അടച്ചിട്ട കോടതി മുറിയിലല്ല, തുറന്ന കോടതി മുറിയിലാണ് ഹാജരാക്കേണ്ടതെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആവശ്യം തള്ളിയത്.ഹാദിയയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ശഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നിലപാട് അറിയാന്‍ നേരിട്ട് അവരെ ഹാജരാക്കാന്‍ സുപ്രീംകോടതി അശോകനോട് നിര്‍ദേശിച്ചത്.

KCN

more recommended stories