സംസ്ഥാനത്ത് ലഹരി ഉപയോഗം കേസുകളില്‍ വര്‍ധന

തൊടുപുഴ: സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ ഉപയോഗം, കടത്ത്, വില്‍പന കേസുകളില്‍ വര്‍ധന. 2015–16 വര്‍ഷങ്ങളില്‍ യഥാക്രമം 1430, 2985 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ജൂണ്‍ വരെ 2524 കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2013-14 വര്‍ഷങ്ങളില്‍ യഥാക്രമം 793, 970 കേസുമാണ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത്. മലയാളികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചതിന്റെ തെളിവാണ് ഈ കണക്കുകള്‍. സംസ്ഥാനത്ത് നര്‍കോട്ടിക് വിഭാഗത്തില്‍പെട്ട ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍, ഓപ്പിയം, കൊക്കയിന്‍, ഹഷീഷ് തുടങ്ങിയ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം കൂടി. കൂടാതെ സ്റ്റാമ്പ്, സ്റ്റിക്കര്‍ രൂപത്തിലെ എല്‍.എസ്.ഡി എന്ന ലഹരിവസ്തുവിന്റെ ഉപയോഗവും യുവാക്കള്‍ക്കിടയില്‍ വ്യാപകമായെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇത്തരം നിരോധിത ലഹരിപദാര്‍ഥങ്ങള്‍ കൂടാതെ കൊഡീന്‍ അടങ്ങിയ കഫ് സിറപ്പുകള്‍, ക്ലോബാസം, ഡൈസെഫാം, ലോറസെഫാം എന്നിവ അടങ്ങിയ ജീവന്‍രക്ഷ മരുന്നുകളും ലഹരിക്കായി ദുരുപയോഗിക്കുന്നതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തി.കഞ്ചാവടക്കം ലഹരിവസ്തുക്കള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുകയാണ്. ഉത്തരേന്ത്യക്കാരെ കടത്തുകാരാക്കി വിപണിയില്‍ വന്‍തോതില്‍ പാന്‍ ഉല്‍പന്നങ്ങള്‍ കേരളത്തിലെത്തുന്നു. ഒരുവര്‍ഷത്തിനിടെ നാല് കോടിയോളം പാന്‍ ഉല്‍പന്നങ്ങളാണ് സംസ്ഥാനത്ത് പിടിച്ചെടുത്തത്. ഇത്തരത്തില്‍ വിവിധ ജില്ലകളില്‍നിന്ന് പാന്‍ വില്‍പനയുമായി ബന്ധപ്പെട്ട് 18,528 പേരെ പിടികൂടി പിഴയിട്ടു.സ്‌കൂള്‍, കോളജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ വിപണനം വര്‍ധിച്ചിട്ടുണ്ട്. 2017 ആഗസ്റ്റ് വരെ സ്‌കൂള്‍ പരിസരത്ത് പുകയില ഉല്‍പന്നങ്ങള്‍ വിറ്റതിന്റെ പേരില്‍ 7607 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സംസ്ഥാനത്ത് കഞ്ചാവിന്റെ ഉപയോഗത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായത്. കൊല്ലം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. ലഹരിവസ്തുക്കള്‍ എത്തുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി വാഹന പരിശോധന കര്‍ക്കശമാക്കാന്‍ എക്‌സൈസ് കമീഷണറുടെ നിര്‍ദേശമുണ്ട്. ട്രെയിനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധന ഊര്‍ജിതമാക്കി. വ്യാജമദ്യം, മയക്കുമരുന്നുകള്‍, പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും പരാതികളും പൊതുജനങ്ങളില്‍നിന്ന് ഫോണ്‍, ഇ-മെയില്‍, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ശേഖരിച്ച് നടപടി സ്വീകരിച്ചുവരുന്നതായും ഇടുക്കി എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ എ. അബ്ദുല്‍കലാം ‘മാധ്യമ’ത്തോട് പറഞ്ഞു.

KCN

more recommended stories