അര്‍ച്ചന വധക്കേസ്: ദേവന്‍ കെ. പണിക്കറിന് ജീവപര്യന്തം

വട്ടിയൂര്‍ക്കാവ്: തൊഴുവന്‍കോടിനു സമീപം ബ്യൂട്ടീഷന്‍ അര്‍ച്ചനാ വധക്കേസില്‍ ഭര്‍ത്താവ് ടിവി സീരിയല്‍ അസോഷ്യേറ്റ് ഡയറക്ടര്‍ ദേവന്‍ കെ. പണിക്കറിന് (ദേവദാസ് 40) ജീവപര്യന്തം തടവും രണ്ടു ലക്ഷം പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി. ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന അര്‍ച്ചന എന്ന സുഷുമയെ നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി കയ്യും കാലും കെട്ടിയിട്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

2009 ഡിസംബര്‍ 31നാണു തൊഴുവന്‍കോട്ടുള്ള വാടകവീട്ടില്‍ നിന്ന് അര്‍ച്ചനയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. കൈകളും കാലുകളും കൂട്ടിക്കെട്ടി, തലയില്‍ മാരകമായ മുറിവുകളോടെ, ചീഞ്ഞഴുകിയ നിലയിലാണു മൃതദേഹം കാണപ്പെട്ടത്. കൊലപാതക വിവരം പുറത്തറിയുന്നതിനു മുന്‍പു തന്നെ തൃശൂരിലുള്ള സ്വന്തം വീട്ടിലെത്തി ബന്ധുക്കളില്‍ നിന്നു പണവും വാങ്ങി സ്ഥലംവിട്ട ഇയാള്‍ പിന്നീടു തമിഴ്നാട്, ബാംഗ്ലൂര്‍, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. സീരിയല്‍ രംഗത്തെ സുഹൃത്തിനെ കണ്ടെത്തി ഇയാളെക്കൊണ്ടു സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യിച്ചു രഹസ്യകേന്ദ്രത്തില്‍ വിളിച്ചുവരുത്തിയാണ് ദേവന്‍ കെ. പണിക്കരെ പൊലീസ് പിടികൂടിയത്.

പൊലീസ് വിശദീകരണം: അര്‍ച്ചനയും ദേവദാസും വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി കുടുംബ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പിന്നീട് അര്‍ച്ചനയുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പുമൂലം ബന്ധം വേര്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ഡിസംബര്‍ 28നു രാവിലെ വാടകവീട്ടില്‍ ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും തുടര്‍ന്നു ദേവദാസ് അര്‍ച്ചനയെ കൊലപ്പെടുത്തുകയുമായിരുന്നു.

KCN

more recommended stories