ഹജ്ജ്: ഇന്ത്യയില്‍ അപേക്ഷകര്‍ കുറവ്; തീയതി നീട്ടിയേക്കും

കരിപ്പൂര്‍: കേരളം ഉള്‍പ്പടെ രാജ്യത്തെ മുഴുവന്‍ സംസ്ഥാന ഹജ്ജ് കമ്മറ്റികള്‍ക്ക് കീഴിലും ഈ വര്‍ഷം ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇനി മൂന്ന് ദിവസം മാത്രം ശേഷിക്കേ മുഴുവന്‍ സംസ്ഥാനങ്ങളിലുമായി ആകെ ലഭിച്ചത് ഇതുവരെ എഴുപത് ലക്ഷം അപേക്ഷകളാണ്. കഴിഞ്ഞ 15 മുതല്‍ ആരംഭിച്ച ഹജ്ജ് അപേക്ഷ സ്വീകരണം ഡിസംബര്‍ ഏഴിന് അവസാനിക്കും. അപേക്ഷകര്‍ കുറഞ്ഞതോടെ അവസാന തീയതി കേന്ദ്ര ഹജ്ജ് കമ്മറ്റി നീട്ടിയേക്കും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹജ്ജ് അപേക്ഷകരുണ്ടാകുന്ന കേരളത്തില്‍ കഴിഞ്ഞ ദിവസം വരെ ലഭിച്ചത് 18,000 അപേക്ഷകള്‍ മാത്രമാണ്. മുന്‍ വര്‍ഷങ്ങളില്‍ രണ്ടാഴ്ചക്കുളളില്‍ തന്നെ അപേക്ഷകര്‍ 30,000 കടന്നിരുന്നു. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 95,236 അപേക്ഷകരാണുണ്ടായിരുന്നത്. കേരളത്തിന് പിന്നില്‍ അപേക്ഷകരില്‍ രണ്ടാം സ്ഥാനത്തുളള ഗുജറാത്തില്‍ ഈ വര്‍ഷം ഇതുവരെയായി 9000 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം രണ്ടാഴ്ചക്കുളളില്‍ തന്നെ കാല്‍ ലക്ഷം അപേക്ഷകരായിരുന്നു. 57,225 പേരാണ് ഗുജറാത്തില്‍ കഴിഞ്ഞ വര്‍ഷം ആകെ അപേക്ഷിച്ചിരുന്നത്.

മഹാരാഷ്ട്രയില്‍ ഇതുവരെ അപേക്ഷ നല്‍കിയത് 9,100 പേരാണ്. കഴിഞ്ഞ വര്‍ഷം 57,246 അപേക്ഷകരുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ഹജ്ജ് ക്വാട്ട ലഭിക്കുന്ന ഉത്തര്‍പ്രദേശില്‍ 10,000 അപേക്ഷകരുണ്ട്. 51,375 അപേക്ഷകരാണ് യുപിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നത്.

തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തലാക്കിയതാണ് ഹജ്ജ് അപേക്ഷ കുറയാന്‍ പ്രധാന കാരണം. കൂടുതല്‍ അപേക്ഷകരുണ്ടാവുന്ന സംസ്ഥാനങ്ങളില്‍ തീര്‍ഥാടകര്‍ അഞ്ചാം വര്‍ഷം വരെ അപേക്ഷിച്ചാല്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പുതിയ ഹജ്ജ് നയത്തില്‍ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നതാണ് ഒഴിവാക്കിയത്. 70 വയസിന് മുകളില്‍ പ്രായമുളളവര്‍ക്കും ഒരു സഹായിക്കും മാത്രമാണ് നേരിട്ട് അവസരം നല്‍കുന്നത്. ശേഷിക്കുന്നവരെ ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി നറുക്കെടുപ്പിലൂടെ അവസരം നല്‍കാനാണ് തീരുമാനം. ഹജ്ജ് അപേക്ഷ ഓണ്‍ലൈന്‍ വഴിയാക്കിയതും അപേക്ഷകള്‍ കുറയാന്‍ കാരണമായിട്ടുണ്ട്.

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം 4,48,268 പേര്‍ അപേക്ഷകരാണുണ്ടായിരുന്നത്. ഇവരില്‍ 1,23,700 പേര്‍ക്കാണ് അവസരം ലഭിച്ചത്. തൊട്ടു മുന്പുളള വര്‍ഷം ഇന്ത്യയില്‍ വിവിധ ഹജ്ജ് കമ്മിറ്റികള്‍ക്ക് കീഴില്‍ 4,05,187 അപേക്ഷകരുണ്ടായിരുന്നു.

KCN

more recommended stories