ബദിയഡുക്ക ടൗണിലെ പെട്ടിക്കടകള്‍ 15 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ തീരുമാനം

ബദിയഡുക്ക: ബദിയഡുക്ക ടൗണിലെ പെട്ടിക്കടകള്‍ 15 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇന്നലെ നടന്ന യോഗമാണ് ഈ തീരുമാനമെടുത്തത്. ഇതു സംബന്ധിച്ചു ഇന്നോ, നാളെയോ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നു അധികൃതര്‍ സൂചിപ്പിച്ചു. കുമ്പള റോഡിലെ നവജീവന ജംഗ്ഷന്‍, പുത്തൂര്‍ റോഡിലെ കെടഞ്ചി ജംഗ്ഷന്‍, മീത്തലെ ബസാറിലെ സര്‍ക്കാര്‍ ആശുപത്രി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പെട്ടിക്കടകള്‍ പാടില്ലെന്നു പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതു സംബന്ധിച്ച് പെട്ടിക്കട യൂണിയന്‍ പ്രതിനിധികളുമായി ഈ മാസം 12ന് ചര്‍ച്ച നടത്തുമെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എന്‍ കൃഷ്ണ ഭട്ട് പറഞ്ഞു. ബോര്‍ഡ് യോഗത്തില്‍ ചില വ്യാപാരികള്‍ പൊതു സ്ഥലം കൈയേറി കച്ചവടം നടത്തുന്നുവെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ അക്കാര്യത്തില്‍ പൊതുമരാമത്ത് വിഭാഗമാണ് നടപടി എടുക്കേണ്ടതെന്നു സെക്രട്ടറി യോഗത്തെ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരാതിയെത്തുടര്‍ന്നാണ് പെട്ടിക്കടകള്‍ക്കെതിരെ നടപടി. ടൗണില്‍ സമാന്തര ഹോട്ടലുകള്‍ നടക്കുന്നുണ്ടെന്നും, ചില പെട്ടിക്കടകള്‍ പലചരക്കു കടകളായി പ്രവര്‍ത്തിക്കുന്നെന്നും പരാതിയുണ്ടായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഓഫീസില്‍ നടന്ന സര്‍വ്വ കക്ഷി യോഗത്തിലും പെട്ടിക്കടകള്‍ മാറ്റാന്‍ തീരുമാനമായിരുന്നു. എന്നാല്‍, ഈ യോഗത്തില്‍ പെട്ടിക്കട യൂണിയന്‍ പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല.

KCN

more recommended stories