ഓഖി ചുഴലിക്കാറ്റ്: സാമ്പത്തിക സഹായം തേടി പ്രധാനമന്ത്രിക്ക് തമിഴ്‌നാട് കത്തയച്ചു

ചെന്നൈ: ഓഖി ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം നേരിട്ട മേഖലയുടെ പുനരുദ്ധാരണത്തിന് സാമ്പത്തിക സഹായം തേടി പ്രധാനമന്ത്രിക്ക് തമിഴ്‌നാട് സര്‍ക്കാര്‍ കത്തയച്ചു. ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത് കന്യാകുമാരി ജില്ലയിലാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാമ്പത്തിക സഹായം നല്‍കണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം.കേരള, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ധാരാളം മത്സ്യത്തൊഴിലാളികള്‍ക്ക് താമസവും മറ്റ് സൗകര്യങ്ങളും നല്‍കുന്നുണ്ട്. ഇതില്‍ തമിഴ്‌നാട് സര്‍ക്കാറിനുള്ള നന്ദി മുഖ്യമന്ത്രി പളനിസ്വാമി കത്തിലൂടെ അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള നിരവധി മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ നാവികസേന നടത്തുന്ന തിരച്ചില്‍ കന്യാകുമാരി മുതല്‍ ഗുജറാത്ത്, മാലിദ്വീപ് വരെയുള്ള കടല്‍ മേഖലയില്‍ ഊര്‍ജിതമാക്കണം.ദുരന്തത്തില്‍ ഊര്‍ജ മേഖല, ഹോര്‍ട്ടികള്‍ച്ചര്‍, കൃഷി അടക്കം കാര്‍ഷികം, റോഡ് ശൃംഖല, മത്സ്യബന്ധനം, കുടിവെള്ള വിതരണം അടക്കമുള്ള മേഖലകള്‍ താറുമാറായിട്ടുണ്ട്. സംസ്ഥാനത്തുള്ള നഷ്ടത്തിന്റെ കണക്കുകള്‍ വിശദമായി കേന്ദ്രത്തിന് സമര്‍പ്പിക്കും. ഇതിന് മുന്നോടിയായി അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നും കത്തില്‍ പളനിസ്വാമി ആവശ്യപ്പെടുന്നു.

KCN

more recommended stories