അനധികൃത തടയണ പൊളിച്ചുമാറ്റണം: ആര്‍.ഡി.ഒ

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എ ചീങ്കണ്ണിപ്പാലിയില്‍ നിര്‍മിച്ച അനധികൃത തടയണ പൊളിച്ചുമാറ്റണമെന്ന് ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ട്. പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചത്. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് പരിശോധിച്ച് വെള്ളിയാഴ്ച ഉച്ചയോടെ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി സര്‍ക്കാര്‍ നടപടിയുണ്ടാവുക. എന്നാല്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് താന്‍ ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ടിനെ പ്രതിരോധിച്ചുകൊണ്ട് പി.വി അന്‍വര്‍ പറയുന്നത്.

ജലക്ഷാമം പരിഹരിക്കാന്‍ വനത്തിനുള്ളില്‍ പോലും തടയണ കെട്ടണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. വന്യജീവികള്‍ക്ക് വെള്ളം കിട്ടാതിരിക്കാനുള്ള സാഹചര്യമുണ്ടാവരുതെന്നായിരുന്നു ഇത് കൊണ്ട് മുഖ്യമന്ത്രി ഉദ്ദേശിച്ചിരുന്നത്. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യം പാലിക്കാനാണ് താന്‍ തടയണ നിര്‍മിച്ചതെന്ന വിചിത്രമായ വാദവുമായാണ് പി.വി അന്‍വര്‍ മുന്നോട്ട് പോവുന്നത്. ഇത് സാധൂകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പകര്‍പ്പും ആര്‍.ഡി.ഒയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

രണ്ടുവര്‍ഷം മുമ്പാണ് വനത്തിനുള്ളിലൂടെ ഒഴുകുന്ന അരുവി തടസ്സപ്പെടുത്തി അന്‍വര്‍ തടയണ നിര്‍മ്മിച്ചത്. ഇതിന് വനം വകുപ്പിന്റെയോ, ജലസേചന വകുപ്പിന്റെയോ അനുമതിയും ഉണ്ടായിരുന്നില്ല. അന്‍വറിന്റെ നിയമലംഘനങ്ങള്‍ തുടര്‍ച്ചയായി പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടെയാണ് വിചിത്രമായ വാദവുമായി ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ടിനെ അന്‍വര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.

KCN

more recommended stories