ഡെങ്കിപ്പനി വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഒരിക്കല്‍ ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ മാരകമായേക്കാം. പൊതുജനങ്ങള്‍ താഴെ പറയുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി ഡെങ്കിപ്പനി വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. വീടിനു ചുറ്റും പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങള്‍, ചിരട്ട, മറ്റ് ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്നിവ വലിച്ചെറിയരുത്.

ടെറസ്സിലും സണ്‍ ഷെയ്ഡിലും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്.ഫ്‌ളവര്‍വെയ്‌സ്, റഫ്രിജറേറ്ററിനു പുറകിലുള്ള ട്രേ എന്നിവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണമായും നീക്കം ചെയ്യണം. വാട്ടര്‍ ടാങ്കുകള്‍ അടച്ചു സൂക്ഷിക്കുകയോ, കൊതുകുവല കൊണ്ടു മൂടുകയോ ചെയ്യുക. ഉപയോഗിക്കാത്ത ഉരല്‍,ആട്ടുകല്ല് എന്നിവ കമഴ്ത്തിയിടുക. ഉപയോഗിക്കാത്ത ടയറുകളില്‍ വെള്ളം കെട്ടി നില്‍ക്കാത്ത തരത്തില്‍ മണ്ണ് നിറയ്ക്കുകയോ സുഷിരങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുക. പാചകത്തിനുംമറ്റുമായി വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന പാത്രങ്ങള്‍ കൊതുക് കടക്കാത്ത രീതിയില്‍ നന്നായി അടച്ചു വയ്ക്കണം. റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, കമുകിന്‍ തോട്ടങ്ങളിലെ പാളകള്‍ എന്നിവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാഹചര്യം ഉണ്ടാകരുത്. തോട്ടങ്ങളില്‍ കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം അനുസരിച്ച് നടപടി സ്വീകരിക്കും. പനി വന്നാല്‍ സ്വയം ചികിത്സ നടത്തരുത്. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടണം.

KCN

more recommended stories