മാരാരിക്കുളത്ത് ആരും വിശന്നിരിക്കേണ്ട; വിശപ്പുരഹിത പദ്ധതിക്ക് തുടക്കമായി

ആലപ്പുഴ : ഒരുനേരത്തെ പൂര്‍ണഭക്ഷണം ലഭിക്കാത്ത ഒരാള്‍പോലും മാരാരിക്കുളത്ത് ഉണ്ടാവരുത് എന്ന ലഷ്യത്തോടെയുള്ള ‘വിശപ്പ് രഹിത മാരാരിക്കുളം’ പദ്ധതിക്ക് തുടക്കമായി.രാവിലെ ഒമ്ബതിന് മണ്ണഞ്ചേരി കണ്ണര്‍കാട് ദേശാഭിമാനി വായനശാലയ്ക്കു സമീപം നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു . ഭക്ഷണവിതരണ വാഹനങ്ങള്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ധനമന്ത്രി തോമസ് ഐസക് അധ്യക്ഷനായി. കലക്ടര്‍ ടി വി അനുപമ ‘ഷെയര്‍ മീല്‍സ്’ സന്ദേശം നല്‍കി. പരസഹായമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നവരെയും കിടപ്പുരോഗികളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി. ആര്യാട്, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, മുഹമ്മ എന്നീ നാല് ഗ്രാമപഞ്ചായത്തുകളിലായി 400 പേര്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കും. കേന്ദ്രീകൃത അടുക്കളയില്‍നിന്ന് വാഹനം ഉപയോഗിച്ച് വിവിധ കേന്ദ്രങ്ങളില്‍ കാസറോളുകളില്‍ ഭക്ഷണം എത്തിക്കും. അതാത് വാര്‍ഡുകളില്‍ ഭക്ഷണവിതരണത്തിന് പ്രത്യേക സംവിധാനമൊരുക്കും. മാരാരിക്കുളത്തെ ഒമ്ബത് പാലിയേറ്റീവ് സൊസൈറ്റികളുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ജീവതാളം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിയാണ് ഇവയുടെ അപ്പക്‌സ് ബോഡിയായി നേതൃത്വം നല്‍കുന്നത്. മണ്ണഞ്ചേരിയിലെ പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിനും പാതിരപ്പള്ളിയിലെ സ്‌നേഹജാലകത്തിനുമാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

ഭക്ഷണത്തോടൊപ്പം സാന്ത്വന പരിചരണവും ലഭ്യമാക്കുന്നുണ്ട്. സാന്ത്വന പരിചാരകന്‍ ഇനിമുതല്‍ രോഗികള്‍ക്ക് ഭക്ഷണം എത്തിക്കുക മാത്രമല്ല, അതുവഴി എല്ലാദിവസവും കിടപ്പ് രോഗികളുടെ വീട് സന്ദര്‍ശനവും ഉറപ്പുവരുത്തും. രോഗിക്ക് എന്തെങ്കിലും പ്രത്യേക അസുഖക്കൂടുതല്‍ തോന്നുകയാണെങ്കില്‍ ചെല്ലുന്നയാള്‍ കിടപ്പുരോഗിയുടെ വീഡിയോ, ഓഡിയോ റെക്കോര്‍ഡ് എടുത്ത് ഒരു പ്രത്യേക മൊബൈല്‍ ആപ്പ് വഴി സന്നദ്ധരായ ഡോക്ടര്‍മാരില്‍ ഒരാള്‍ക്ക് അയച്ചുകൊടുക്കും. ഡോക്ടര്‍മാര്‍ ലഭ്യമാണെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി തത്സമയപരിശോധനയും നടത്തും. വീഡിയോ റെക്കോര്‍ഡുകള്‍ ബന്ധപ്പെട്ട പാലിയേറ്റീവ് സംഘടനയ്ക്കും ലഭ്യമാക്കും. ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ പാലിയേറ്റീവ് സംഘടനകള്‍ ലഭ്യമാക്കും. വിദഗ്ധ പരിശോധനയും സാന്നിധ്യവും ആവശ്യമെങ്കില്‍ പരിശീലനവും ലഭിച്ച നേഴ്‌സിനെയോ ഡോക്ടറെയോ എത്തിക്കും. ഇ-ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം മുഹമ്മയില്‍ ഫെബ്രുവരിയില്‍ നടക്കുന്ന പാലിയേറ്റീവ് സംഘടനകളുടെ അഖിലകേരള സംഗമത്തില്‍ നടക്കും.

പാതിരപ്പള്ളിയിലും മണ്ണഞ്ചേരിയിലും ആയിരിക്കും കേന്ദ്രീകൃത അടുക്കളകള്‍. 20 രൂപയ്ക്ക് ഇവിടെ ഊണ് ലഭ്യമാകും. ചോറ്, സാമ്ബാര്‍, മീന്‍കറി, തോരന്‍, അച്ചാര്‍ ഇവയായിരിക്കും വിഭവങ്ങള്‍. കൂടുതല്‍ ഭക്ഷണവിതരണശാലകള്‍ തുറക്കുന്നതിനു പരിപാടിയുണ്ട്. 40 രൂപയുടെ ഭക്ഷണമാണ് 20 രൂപയ്ക്ക് കൊടുക്കുന്നത്. ഭക്ഷണം കഴിക്കുന്നവരോട് ഒരു കൂപ്പണ്‍കൂടി വാങ്ങി കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കും. 20 രൂപ തരാന്‍ കഴിവില്ലാത്തവര്‍ക്ക് ആ കൂപ്പണ്‍ എടുത്ത് ഭക്ഷണം കഴിക്കാം. രണ്ട് അടുക്കളകള്‍ക്കും വണ്ടിയുടെ ഡീസലിനും 12 ജീവനക്കാര്‍ക്കും പച്ചക്കറികള്‍ക്കുംവേണ്ടി പ്രതിമാസം അഞ്ചുലക്ഷത്തോളം രൂപ ചെലവുവരും. ഇത് ഉദാരമതികളില്‍നിന്ന് സമാഹരിക്കാനാണ് ഉദ്ദേശം.

KCN

more recommended stories