കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ 23-ാമത് കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പ്പിന് കാസര്‍കോട് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച മുതല്‍ 21 പ്രവൃത്തി ദിവസ കാലയളവില്‍ 2018 ജനുവരി 23 വരേ കുത്തിവെയ്പ്പ് നടക്കും. വീടുവീടാന്തരം കയറിയും ക്യാമ്പുകള്‍ സംഘടിപ്പിച്ചുമാണ് കുത്തിവെയ്പ്പ് നടത്തുക. ജില്ലയില്‍ 82698 കന്നുകാലികള്‍, 1280 എരുമകള്‍, 2941 പന്നികള്‍ അടക്കം 86019 ഉരുക്കള്‍ക്കാണ് കുത്തിവെപ്പ് എടുക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നതിനായി ജില്ലയില്‍ 101 സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. കുത്തിവെയ്പ്പ് നടത്തിയ ശേഷമുള്ള മഞ്ഞ നിറമുള്ള കമ്മല്‍ (ഇയര്‍ ടാഗ്) ഉരുക്കള്‍ക്ക് ധരിപ്പിക്കും. ഈ കമ്മല്‍ നഷ്ടപ്പെടാതിരിക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. ഈ കമ്മലിനെ ആധാരമാക്കിയാണ് ഉരുക്കളുടെ പിന്നീടുള്ള പരിശോധനകളും രജിസ്ട്രേഷനും നടക്കുകയെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. കന്നുകാലികള്‍ക്ക് ഇന്‍ഷൂറന്‍സ്, കാലിത്തീറ്റ വിതരണ പദ്ധതി, ദുരിതാശ്വാസദുരന്ത നിവാരണ ധനസഹായം എന്നിവയ്ക്ക് ഇയര്‍ ടാഗ് കര്‍ഷക രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തിക്കുന്ന ഉരുക്കള്‍ക്ക് കുളമ്പ് രോഗമുണ്ടെങ്കില്‍ അവയെ മേയാനും മറ്റും വിട്ടാല്‍ നാട്ടിലെ പശുക്കള്‍ക്കും മറ്റും കുളമ്പ് രോഗം പടരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എല്ലാ കര്‍ഷകരും അവരുടെ ഉരുക്കള്‍ക്ക് കുളമ്പ് രോഗ കുത്തിവെയ്പ്പ് എടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ മൃഗ സംരക്ഷണ ഓഫിസര്‍ ഡോ. വി ശ്രീനിവാസന്‍, ഗോ രക്ഷാ പദ്ധതി കോഡിനേറ്റര്‍ ഡോ. പി നാഗരാജ്, പി.ആര്‍.ഒ എ മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories