പി വി ജാനകി വധം: സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് പരിശോധനക്കയച്ചു

കാഞ്ഞങ്ങാട്: റിട്ട. പ്രധാനാധ്യാപിക ചീമേനി പുലിയന്നൂരിലെ പി വി ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ നിര്‍ണായകമായ സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ധ പരിശോധനക്കായി ബംഗളൂരുവിലേക്കയച്ചു. കൊലയാളികള്‍ ധരിച്ച മുഖംമൂടി വാങ്ങിയതായി സംശയിക്കുന്ന പറശിനിക്കടവിലെ കടയില്‍ നിന്നുള്ള ദൃശ്യങ്ങളുടെ വ്യക്തത തേടിയാണ് ഹാര്‍ഡ് ഡിസ്‌ക് ബാംഗ്ലൂരിലെ ലാബിലേക്കയച്ചത്.

നേരത്തെ കൊച്ചിയിലെ ലാബില്‍ നിന്നും ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നുവെങ്കിലും അവയില്‍ വ്യക്തത ഉണ്ടായിരുന്നില്ല. മുഖംമൂടി വില്‍പ്പന നടത്തിയ കടയില്‍ സിസി ക്യാമറ ഉണ്ടായിരുന്നില്ലെങ്കിലും പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നുള്ള സിസി ക്യാമറ റോഡില്‍ സ്ഥാപിച്ചിരുന്നു. ഈ ക്യാമറയില്‍ ഈ കടയുടെ മുന്‍ഭാഗം വ്യക്തമായി കാണുന്നുണ്ട്. ക്യാമറ പരിശോധിച്ചപ്പോള്‍ മുഖംമൂടി വാങ്ങിയ മൂന്നുപേരുടെ ദൃശ്യങ്ങള്‍ അവ്യക്തമായിരുന്നു.

അതേ സമയം കേസന്വേഷണത്തിന്റെ ഭാഗമായി മംഗളൂരുവിലേക്ക്് പോയ അന്വേഷണ സംഘാംഗങ്ങളായ നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്‍, ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാര്‍ എന്നിവര്‍ തിരിച്ചെത്തി. കര്‍ണ്ണാടക സ്വദേശികളായ രണ്ടുപേരുടെ മൊബൈല്‍ഫോണ്‍ സംഭവ ദിവസം ചീമേനി ടവറിന്റെ പരിധിയില്‍ ഉണ്ടായിരുന്നതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഇരു സിഐമാരും മംഗളൂരുവിലേക്ക്് പോയത്. എന്നാല്‍ മംഗളൂരുകാരായ രണ്ടുപേര്‍ക്കും സംഭവവുമായി ബന്ധമില്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
ഇവര്‍ മത്സ്യബന്ധനത്തിനായി ഏഴിമലയിലെത്തിയപ്പോള്‍ മൊബൈല്‍ഫോണ്‍ ചീമേനി ടവര്‍ ലൊക്കേഷനില്‍പെടുകയായിരുന്നു.

വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് യാതൊരുവിധ സൂചനകളും നല്‍കാന്‍ അന്വേഷണ സംഘം തയ്യാറാകുന്നില്ല. അതേസമയം പ്രതികളാണെന്ന് സംശയിക്കുന്നവരെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
ബുധനാഴ്ച രാവിലെ ചീമേനി പോലീസ് സ്റ്റേഷനില്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അന്വേഷണ സംഘവുമായി അന്വേഷണ പുരോഗതി വിലയിരുത്തി.

KCN

more recommended stories