സ്‌കൂള്‍ കലോത്സവം; സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

തൃശൂര്‍: 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല. സിപിഎമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനാല്‍ എത്താന്‍ സാധിക്കില്ലെന്ന് വിശദീകരണം. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഘോഷയാത്രയില്ലാതെയാണ് ഇത്തവണ കലോത്സവത്തിന് അരങ്ങുണരുന്നത്. പകരം, തെക്കേ ഗോപുരനടയിലെ 12 മരച്ചുവടുകളില്‍ 14 കലാരൂപങ്ങള്‍ അരങ്ങേറും.

അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന സ്‌കൂള്‍ കലോത്സവത്തിന് സാംസ്‌കാരിക നഗരി ഒരുങ്ങിക്കഴിഞ്ഞു. ഇന്നു മുതല്‍ 10 വരെ അഞ്ചു ദിവസമാണ് കലോത്സവം. 2008നു ശേഷം ആദ്യമായി പരിഷ്‌കരിച്ച മാന്വല്‍ പ്രകാരം നടക്കുന്ന കലോത്സവമാണ് ഇത്തവണത്തേത്. തേക്കിന്‍കാട്ടില്‍ പ്രധാനവേദിയും മറ്റൊരു വേദിയുമുള്‍പ്പെടെ രണ്ടും, മോഡല്‍ ബോയ്‌സ്, ഗേള്‍സ്, സേക്രഡ്ഹാര്‍ട്ട്, ഹോളിഫാമിലി, സെന്റ് ക്‌ളയേഴ്‌സ്, സിഎംഎസ്, വിവേകോദയം, കാല്‍ഡിയന്‍ സ്‌കൂളുകള്‍ എന്നിവയും സാഹിത്യ അക്കാദമി, ടൗണ്‍ഹാള്‍, ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്‍വശം, മുണ്ടശേരി ഹാള്‍, ബാലഭവന്‍ ഹാള്‍, രാമവര്‍മ്മപുരം പൊലീസ് അക്കാദമി എന്നിവിടങ്ങളിലാണ് വേദികള്‍. നേരത്തെ ലഭ്യമാകാതിരുന്ന റീജ്യണല്‍ തീയേറ്ററും ഇപ്പോള്‍ വേദിക്കായി അനുവദിച്ചു. ഇതടക്കം 25 വേദികളിലായി 234 ഇനങ്ങളില്‍ 8954 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. അപ്പീലിലൂടെ എത്തുന്നവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ മത്സരാര്‍ഥികളുടെ എണ്ണം 12,000 കടക്കുമെന്നാണു സൂചന.

കര്‍ശനമായി ഗ്രീന്‍ പ്രോട്ടോകോള്‍ പിന്തുടരുന്ന കലോത്സവനഗരിയില്‍ ഇത്തവണ എല്ലാം ഹരിതാഭമാണ്. കലോത്സവത്തിലെ നറുക്കെടുപ്പില്‍ പോലും ഇക്കുറി വ്യത്യസ്തത കണ്ടെത്താന്‍ ശ്രമിക്കുകയാണ് സംഘാടകര്‍. പ്ലാസ്റ്റിക്, പേപ്പര്‍ ലോട്ടുകള്‍ക്ക് പകരം ഇത്തവണ നറുക്കെടുപ്പ് പയറുമണി ഉപയോഗിച്ചാണ്. വെട്ടിയൊതുക്കിയ മുളനാഴിയില്‍ നിന്നാണ് കുട്ടികള്‍ ലോട്ടെടുക്കേണ്ടത്. പെയിന്റടിച്ചു നമ്പര്‍ എഴുതിയ പയറുമണികള്‍ മുതല്‍ ഒരോ വേദിയിലേക്കും അവശ്യമുള്ളതെല്ലാം ഇവിടെ സജ്ജം.

വെള്ളപ്പാത്രം, സഞ്ചികള്‍, ബാഡ്ജുകള്‍ തുടങ്ങി പേന വരെ പ്ലാസ്റ്റിക് വിമുക്തം. നഗരത്തിനു ചുറ്റുമുള്ള 21 വിദ്യാലയങ്ങളിലാണു മത്സരാര്‍ഥികള്‍ക്കു താമസം ഒരുക്കിയിട്ടുള്ളത്. ഭക്ഷണം നല്‍കാന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊത്തം ചെലവ് ഇത്തവണ ഒന്നരക്കോടി കടക്കുമെന്നാണു സൂചന. അപ്പീലിലൂടെ എത്തുന്ന മത്സരാര്‍ത്ഥികളുടെ എണ്ണം കൂടി മുന്നില്‍കണ്ടാണ് എല്ലാ ഒരുക്കവും.

KCN

more recommended stories