കലോത്സവത്തിന് വ്യാജ അപ്പീല്‍: നൃത്താധ്യാപകനും സഹായിയും അറസ്റ്റില്‍

തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ നല്‍കിയതിന്റെ പേരില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു നൃത്താധ്യാപകനും അപ്പീല്‍ തയ്യാറാക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സഹായിയുമാണ് അറസ്റ്റിലായത്. ഇവരെ തൃശ്ശൂര്‍ പോലീസ് ക്ലബില്‍ ഐ.ജി.യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഇവരെ കൂടാതെ നൃത്താധ്യാപകരും ഇടനിലാക്കാരായി പ്രവര്‍ത്തിക്കുന്ന അഞ്ചു പേരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ ഉണ്ടാക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്.

പൊതുവിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ജസ്സി ജോസഫാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്. ഈസ്റ്റ് പോലീസ് ഈ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി. പി. എന്‍. ഉണ്ണിരാജനാണ് അന്വേഷണച്ചുമതല.

വ്യാജ അപ്പീലിനു പിന്നിലുള്ളവരെ വലയിലാക്കാനുള്ള ശ്രമങ്ങള്‍ പോലീസ് തുടങ്ങി. പലരും നിരീക്ഷണത്തിലാണ്. സംസ്ഥാനവ്യാപകമായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വ്യാജ അപ്പീലുകള്‍ പത്തെണ്ണമാണ് കലോത്സവത്തില്‍ കണ്ടെത്തിയത്.

വ്യാജമാണെന്നു പറഞ്ഞ് തിരിച്ചയച്ചതോടെ ആദ്യ ദിവസം വന്നവരെ പിന്നീട് കണ്ടില്ല. രക്ഷിതാക്കളെ വ്യാജ അപ്പീലുകള്‍ നല്‍കി കബളിപ്പിക്കുകയാണ് ഉണ്ടായത്. 20000 രൂപ മുതല്‍ ഈടാക്കിയാണ് ഇതു നല്‍കിയത്. നൂറു കണക്കിന് വ്യാജ അപ്പീലുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് നിഗമനം. വ്യാജ അപ്പീലുകള്‍ ഉണ്ടെന്ന വാര്‍ത്ത വന്നതോടെ ഇത് കൈയിലുള്ളവര്‍ കലോത്സവമോഹം തന്നെ ഉപേക്ഷിച്ചു. സംഘനൃത്തം, വട്ടപ്പാട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട്, കേരളനടനം, ഒപ്പന എന്നീ ഇനങ്ങളിലാണിവ. എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ള വ്യാജന്മാരെയാണ് കണ്ടെത്തിയത്.

KCN

more recommended stories