കരുത്തറിയിച്ച പ്രകടനത്തോടെ സി പി ഐ എം ജില്ലാ സമ്മേളനത്തിന് സമാപനം

കാസര്‍കോട് : അസ്തമയ സൂര്യനാണോ ചെര്‍ക്കളയിലെ ബുധനാഴ്ചത്തെ സന്ധ്യക്കാണോ കൂടുതല്‍ ചുവപ്പെന്ന് ചോദിച്ചാല്‍ കാസര്‍കോട് നഗരത്തിലെത്തിയ ചുവന്ന പുരുഷാരം തന്നെ മറുപടി. ചുവപ്പുകൊടിയേന്തി, നാളെയുടെ പുതിയ ലോകം നിര്‍മിക്കാന്‍ കരുത്തിന്റെ മഹാപ്രവാഹമായി ഇരമ്പിയാര്‍ത്ത പതിനായിരങ്ങളെ കണ്ട് ജില്ലയുടെ തലസ്ഥാന നഗരി കോരിത്തരിച്ചു. കാസര്‍കോട് പുലിക്കുന്ന് ടൗണ്‍ഹാള്‍, പഴയ ബസ്സ്റ്റാന്‍ഡ്, പുതിയ ബസ്സ്റ്റാന്‍ഡ്, വിദ്യാനഗര്‍, നായന്മാര്‍മൂല, നാലാംമൈല്‍, ഇന്ദിരാനഗര്‍, ചെര്‍ക്കള ജില്ലയുടെ വിപ്‌ളവവഴികളെല്ലാം ഈ സ്ഥലങ്ങളില്‍ ഒരേമനസ്സോടെ സംഗമിച്ചു. നായന്മാര്‍മൂലയില്‍ കേന്ദ്രീകരിച്ച ചുവപ്പുസേന വൈകിട്ട് നാലോടെ പ്രയാണം തുടങ്ങി. ഒന്നല്ല, രണ്ടല്ല അയ്യായിരം ചുവന്ന യുവത്വങ്ങള്‍, അടിവച്ചടി വച്ച് പട്ടാളച്ചിട്ടയോടെ നീങ്ങുന്നത് കണ്ട കാസര്‍കോടന്‍ ജനതക്ക് അത്, പുതിയ അനുഭവമായി. അച്ചടക്കത്തിന്റെ, ധീരതയുടെ, നെഞ്ചുറപ്പിന്റെ അവസാനമില്ലാത്ത മഹാപ്രവാഹം. ആയിരത്തോളം വനിതാ വളണ്ടിയര്‍മാരുമുള്ള ചുവപ്പുസേനയുടെ കാലടികള്‍ക്കൊത്ത് ബാന്‍ഡ്‌മേളത്തിന്റെ ഇടിനാദവും മുഴങ്ങി. ജില്ലയുടെ ഭാവി നിശ്ചയിക്കുന്ന സമരസഖാക്കള്‍ക്ക് അഭിവാദ്യമേകി ദേശീയപാതയുടെ ഓരത്തും നാട്ടുകാര്‍. അതില്‍ കൊച്ചുകുട്ടികളെ ഒക്കത്തേന്തിയ പര്‍ദയിട്ട ഉമ്മമാര്‍ മുതല്‍ കച്ചവടക്കാരായ കാസര്‍കോട്ടെ പൌരപ്രമുഖര്‍ വരെയുള്ളവരുണ്ട്.

കേന്ദ്രീകരിച്ച പ്രകടനമില്ലാതിരുന്നിട്ടും നായന്മാര്‍മൂലയില്‍നിന്നും ചെങ്കളയില്‍നിന്നുമുള്ള ദേശീയപാതയില്‍ നിറയെ തൃശൂര്‍ പൂരമായിരുന്നു. ഒറ്റ വ്യത്യാസം മാത്രം, ഇവിടെ താളം പിടക്കലില്ല, പകരം പതിനായിരങ്ങളുടെ ചോരത്തിളപ്പാര്‍ന്ന മുഷ്ടികള്‍ ആകാശത്തേക്ക് പായുന്ന ആവേശകരമായ കാഴ്ച. വളണ്ടിയര്‍ മാര്‍ച്ചിന്റെ മുന്‍നിരയില്‍ ആദ്യം ഗായകസംഘം സഞ്ചരിച്ചു. പിന്നില്‍ ശിങ്കാരിമേളം, അതിനു പിന്നാലെ 22-ാം പാര്‍ടി കോണ്‍ഗ്രസിന്റെ വിപ്‌ളവ പ്രതീകമായി, പതാകയേന്തിയ 22 ചുവന്ന വളണ്ടിയര്‍മാര്‍, പിന്നാലെ കേരളവേഷം ധരിച്ച് പതാകയേന്തിയ 22 വനിതകള്‍, ചുവന്ന മുണ്ടുടുത്ത 22 പതാകയേന്തിയ യുവാക്കള്‍ അതിനും പിന്നാലെ, പ്‌ളക്കാര്‍ഡേന്തിയ 22 കുട്ടികള്‍ മുദ്രാവാക്യം വിളിച്ച് പിന്നാലെ, പിന്നീട് പതാകയേന്തിയ 22 തൊഴിലാളികള്‍, ബാന്‍ഡ്വാദ്യ സംഘം, ബാനറിന് പിന്നില്‍ പതാകയേന്തിയ സമ്മേളന പ്രതിനിധികള്‍, വീണ്ടും ബാന്‍ഡ് വാദ്യ സംഘം പിന്നീടാണ് ചക്രവാളം വരെ നീളുന്ന മഹാപ്രവാഹം ചെങ്കളയെ ധന്യമാക്കിയത്. പൊതുസമ്മേളനം നടക്കുന്ന ഇന്ദിരാനഗര്‍ എം രാമണ്ണറൈ നഗറില്‍ ഉദ്ഘാടനസമ്മേളനം ആരംഭിച്ചപ്പോള്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍പോലും സമ്മേളനത്തിനെത്തിയവരുടെ മുദ്രാവാക്യം വിളി ഒഴിഞ്ഞില്ല. കാസര്‍കോട് ഏരിയയിലെ വിവിധ ലോക്കലുകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ചെറുപ്രകടനങ്ങളായി റെഡ്വളണ്ടിയര്‍ മാര്‍ച്ചെത്തുന്നതിന് മുമ്പ് എം രാമണ്ണറൈ നഗറിലെ റാലിക്കെത്തി. പാടിയില്‍നിന്നുള്ളവര്‍ പാടി റോഡ്, ചെങ്കളയിലുള്ളവര്‍ ചെര്‍ക്കള ബസ്സ്റ്റാന്‍ഡ്, നെക്രാജെക്കാര്‍ ബദിയടുക്ക റോഡ്, മധൂരുകാര്‍ സന്തോഷ്‌നഗര്‍, വിദ്യാനഗര്‍ ലോക്കലിലുള്ളവര്‍ സന്തോഷ്‌നഗര്‍ പള്ളിക്ക് മുന്നില്‍, കാസര്‍കോട്, മൊഗ്രാല്‍ പുത്തൂര്‍ ലോക്കലുകാര്‍ പാണലം എന്നിവിടങ്ങളില്‍നിന്ന് പ്രകടനമായി സമ്മേളനത്തിനെത്തി. ബഹുജന റാലിയില്‍ അരലക്ഷത്തോളംപേര്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ. എന്നാല്‍ ആ കണക്കിനെയെല്ലാം അമ്പരപ്പിക്കുന്നതായിരുന്നു മഹാപ്രവാഹം. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി വിപ്‌ളവഗാനം അരങ്ങേറി. പൊതുസമ്മേളനം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

KCN

more recommended stories