പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ഇന്ന് നടക്കും

സന്നിധാനം : പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ഇന്ന് നടക്കും. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളാണ് പേട്ട തുള്ളുന്നത്. അയ്യപ്പന്‍ മഹിഷിയെ നിഗ്രഹിച്ചതിലുള്ള സന്തോഷ പ്രകടനമായ പേട്ടതുള്ളല്‍ മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകം കൂടിയാണ്. ആകാശത്ത് കൃഷ്ണപ്പരുന്ത് പ്രത്യക്ഷമാകുമ്പോള്‍ സമൂഹപ്പെരിയോന്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുള്ളുക. ഉച്ചക്ക് 12 മണിക്കാണ് അമ്ബലപ്പുഴ സംഘത്തിന്റെ പേട്ട. പേട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് തുള്ളിയെത്തുന്ന സംഘത്തിന് എരുമേലി നൈനാര്‍ പള്ളിയില്‍ ജമാആത്ത് ഭാരവാഹികള്‍ സ്വീകരണം നല്‍കും.

സംഘത്തിനൊപ്പം വാവരുടെ പ്രതിനിധിയായി ജമാഅത്ത് ഭാരവാഹി പങ്കെടുക്കും. ഉച്ചക്ക് വെള്ളിനക്ഷത്രം ഉദിച്ചശേഷമാണ് ആലങ്ങാട് സംഘത്തിന്റെ പേട്ട തുളളല്‍. മുന്‍പ് മഞ്ഞപ്രവിഭാഗവും, കുന്നുകര വിഭാഗവുമായി പേട്ടതുള്ളിയിരുന്ന ആലങ്ങാട് സംഘം ഒരുമിച്ചാണ് പേട്ടതുള്ളുന്നത്. ഉച്ചക്കു ശേഷം 3 മണിക്കാണ് വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ആലങ്ങാട്ട് സംഘം പേട്ട തുള്ളല്‍. വാവരുടെ പ്രതിനിധി അമ്ബലപ്പുഴ സംഘത്തിനൊപ്പം ശബരിമലയ്ക്ക് പോയെന്ന വിശ്വാസമുള്ളതിനാല്‍ ആലങ്ങാട് സംഘം വാവരു പള്ളിയില്‍ കയറില്ല.

ചെറിയ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് വലിയ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലേക്കാണ് പേട്ട തുളളല്‍. പേട്ട തുള്ളലിന് ശേഷം അമ്ബലപ്പുഴ, ആലങ്ങാട് സംഘങ്ങള്‍ ശബരിമലയിലേക്ക് പോകും. ഇതോടെ ഈയാണ്ടിലെ പേട്ട തുള്ളലിന് സമാപനമാകും.

KCN

more recommended stories