ബന്ധുവീട്ടില്‍ നിന്ന് മദ്യം കഴിച്ച ഒമ്പത് പേര്‍ മരിച്ചു

ലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ ബന്ധുവീട്ടില്‍ നിന്ന് മദ്യം കഴിച്ച ഒമ്പത് പേര്‍ മരിച്ചു. താലിലെ കുര്‍ദ് ഗ്രാമത്തിലെ ബന്ധുവീട്ടില്‍ വച്ച് വീട്ടില്‍ തയ്യാറാക്കിയ മദ്യം കഴിച്ച ഒമ്പത് പേരാണ് ട്രോമാ കെയറില്‍ വച്ച് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒമ്പതംഗ അന്വേഷണ സംഘം ഇതിനോടകം തന്നെ ഗ്രാമത്തിലെത്തയിട്ടുണ്ട്.

വിരുന്നില്‍ പങ്കെടുക്കാന്‍ വിവിധ ഗ്രാമത്തില്‍ നിന്നെത്തിയവരാണ് ഭക്ഷണത്തിന് ശേഷം മദ്യം കഴിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. എന്നാല്‍ വ്യാജമദ്യം കഴിച്ചതുകൊണ്ടാണോ മരിച്ചത് എന്നത് സംബന്ധിച്ച ജില്ലാ ഭരണകൂടത്തില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രസ്താവന പുറപ്പെടുവിക്കാമെന്ന് ജില്ലാ ഭരണകൂടം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഒമ്പത് പേരില്‍ ഒരാള്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചിട്ടുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാവരുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി ബാരാബങ്കി എഡിഎം അനില്‍ കുമാര്‍ സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.

അനധികൃത മദ്യവില്‍പ്പനയ്‌ക്കെതിരെ നിയമസഭ പാസാക്കിയ ബില്ല് പ്രകാരം കുറ്റക്കാര്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കും. നിയമസഭ പാസാക്കിയ ഇത് സംബന്ധിച്ച ബില്ലിന് ജനുവരിയില്‍ ഗവര്‍ണറുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. യുപി എക്‌സൈസ് ബില്‍ 2017 പ്രകാരം അനധികൃത മദ്യവില്‍പ്പനയ്ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കും. പത്ത് ലക്ഷത്തിനുള്ളില്‍ വരുന്നതും അഞ്ച് ലക്ഷത്തില്‍ കുറയാത്തതുമായ തുക പിഴയായി ഈടാക്കാവുന്നതുമാണ്. മദ്യം കഴിച്ച് മരണത്തിനിടയാക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികള്‍ കൈക്കൊള്ളുക.

KCN

more recommended stories