കോലാപൂരില്‍ മിനി ബസ് പുഴയിലേക്കു മറിഞ്ഞു: പിഞ്ചുകുഞ്ഞടക്കം 13 പേര്‍ മരിച്ചു

മുംബൈ : മഹാരാഷ്ട്രയിലെ കോലാപൂരില്‍ മിനി ബസ് പുഴയിലേക്കു മറിഞ്ഞ് 13 പേര്‍ മരിച്ചു. മൂന്നുപേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 11.45 മണിയോടെയാണ് അപകടം. മുംബൈയ്ക്കു 300 കിലോമീറ്റര്‍ അകലെ കോലാപൂരിലെ പഞ്ചഗംഗ നദിയിലേക്കാണ് ബസ് മറിഞ്ഞത്. രത്‌നഗിരിയില്‍ നിന്ന് കോലാപൂരിലേക്കു വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കല്‍മതില്‍ തകര്‍ത്ത് 80 അടി താഴ്ചയിലുള്ള നദിയിലേക്കു പതിക്കുകയായിരുന്നു. അപകടസമയത്ത് 16 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

11 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെയോടെ ഒരു കുഞ്ഞിന്റെ മൃതദേഹം കൂടി കണ്ടെത്തി. മൂന്നു പേരെ ഗുരുതരമായ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ പിന്നീട് മരിക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.

കോലാപ്പൂരിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്. മൂന്ന് കുടുംബത്തിലെ അംഗങ്ങളാണ് ബസിലുണ്ടായിരുന്നത്. ക്രെയിനിന്റെ സഹായത്തോടെയാണ് ബസ് പുഴയില്‍ നിന്ന് ഉയര്‍ത്തിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. മരിച്ചവരില്‍ മൂന്നു പുരുഷന്‍മാരും, മൂന്നു സ്ത്രീകളും, ഏഴുകുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ ഒന്‍പതുമാസം പ്രായമുള്ള കുട്ടിയും പെടും.

KCN

more recommended stories