സംസ്ഥാനത്ത് അപകടമരണങ്ങളില്‍ കുറവുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റോഡപകടങ്ങളുടെ എണ്ണത്തിലും മരണപ്പെട്ടവരുടെ എണ്ണത്തിലും 2017 ല്‍ കുറവുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി. 2016 ല്‍ ആകെ 39,420 റോഡ് അപകടങ്ങളില്‍ 4,287 പേര്‍ മരിച്ചു. 2017 ല്‍ റോഡ് അപകടങ്ങള്‍ 38,486 ആയും മരണസംഖ്യ 4,061 ആയും കുറഞ്ഞു. സുരക്ഷയ്ക്കുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും എന്‍ഫോഴ്‌സ്‌മെന്റ് കാര്യക്ഷമമാക്കുകയും ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തതിനാലാണ് ഇതുണ്ടായിട്ടുള്ളതെന്ന് റോജി എം ജോണ്‍ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

റോഡപകടങ്ങള്‍ വിലയിരുത്തുന്നതിനും അവ നിയന്ത്രിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിനായും ജില്ലാതലങ്ങളില്‍ റോഡ് സുരക്ഷാ കമ്മറ്റികള്‍ക്കും ഹൈവേകളില്‍ ഹൈവേ പൊലീസിന്റെ നേതൃത്വത്തില്‍ ഹൈവേ ജാഗ്രതാ സമിതികളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അശാസ്ത്രീയമായി നിര്‍മിച്ചിട്ടുള്ള റോഡുകളുടെ അപാകത പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് നിര്‍ധേശം നല്‍കിവരുന്നുണ്ട്.

പൊതുജനങ്ങള്‍, ഡ്രൈവര്‍മാര്‍, ഇരുചക്ര വാഹകര്‍ എന്നിവര്‍ക്കും വിവിധ പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നു. സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക ട്രാഫിക് ബോധവത്കരണ പരിപാടികള്‍ കേഡറ്റ് പദ്ധതിയിലൂടെയും മറ്റും നടപ്പിലാക്കിവരുന്നുണ്ട്. വാഹന അപകടങ്ങള്‍ പരമാവധി കുറച്ച് മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യം വച്ച് ‘ശുഭയാത്ര’ എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

ഇതിനു പുറമെ, ‘തിങ്ക് ട്രാഫിക് ആപ്ലിക്കേഷന്‍’വഴി പൊതുജനങ്ങള്‍ക്ക് ലൈവ് ആക്‌സിഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നതിനും കംപ്ലെയിന്റ് രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ട്രാഫിക് ബോധവത്കരണത്തിനായി എല്ലാ മണ്ഡലങ്ങളിലും ‘ട്രാഫിക് സ്മാര്‍ട്ട് ക്ലാസ് റൂം’ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റോഡപകടങ്ങള്‍ അവലോകനം ചെയ്യുന്നതിനും തുടര്‍നടപടികള്‍ക്കുള്ള നിര്‍ദേശം നല്‍കുന്നതിനുമായി ട്രാഫിക് പൊലീസ് റോഡ് സേഫ്റ്റി സെല്ലിന് രൂപം നല്‍കിയിട്ടുണ്ട്.

റോഡപകടത്തില്‍പ്പെടുന്നവര്‍ക്ക് എത്രയുംവേഗം പ്രാഥമിക ശുശ്രൂഷ നല്‍കുകയും അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നതിനും സോഫ്റ്റ് (സേവ് ഔര്‍ ഫെലോ ട്രാവലേഴ്‌സ്)എന്ന കൂട്ടായ്മ രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ പൊലീസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ട്രോമ കെയര്‍ ഉള്‍പ്പെടെ വിദഗ്ദ്ധ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

KCN

more recommended stories