പുലിയെ പിടികൂടുമെന്ന് കളക്ടറുടെ ഉറപ്പ്; നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചു

തൃശൂര്‍: വാല്‍പ്പാറ നടുമല എസ്റ്റേറ്റില്‍ നാല് വയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിവന്ന റോഡ് ഉപരോധം അവസാനിപ്പിച്ചു. പുലിയെ പിടിക്കാന്‍ കെണി വയ്ക്കുമെന്ന് കോയമ്ബത്തൂര്‍ കളക്ടര്‍ ഉറപ്പു നല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.

നേരത്തെ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു. 2011-12 കാലയളവില്‍ ഇവിടെ നിന്ന് ആറ് കുട്ടികളെയാണു പുലി പിടിച്ചത്. അന്ന് നാട്ടിലിറങ്ങിയ പുലിയെ കൂടുവച്ചു പിടിച്ച് ഉള്‍വനത്തില്‍ കൊണ്ടുവിടുകയായിരുന്നു.

കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ അഷ്‌റഫ് അലിയുടെയും സെബിയുടെയും മകന്‍ സെയ്ദുള്ളയാണ് മരിച്ചത്. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ തല വേര്‍പ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം തേയിലത്തോട്ടത്തിന് ഇടയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

KCN

more recommended stories