സ്വര്‍ണം കടത്താന്‍ ശ്രമം; കാസര്‍കോട്ടെ ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

മംഗളൂരു: അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട്ടെ ദമ്പതികളുള്‍പെടെ നാലു പേര്‍ മംഗളൂരുവില്‍ പിടിയിലായി. കാസര്‍കോട് സ്വദേശിയായ ഹസന്‍, ഭാര്യ സമീറ എന്നിവരും മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ മൊയ്തീന്‍, ഷംസുദ്ദീന്‍ എന്നിവരുമാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് റവന്യൂ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.

മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലും മംഗളൂരു ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലുമാണ് പരിശോധന നടന്നത്. കാസര്‍കോട്ടെ ദമ്പതികളില്‍ നിന്നും 2137.04 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബൈയില്‍ നിന്നും വിമാനത്തിലെത്തി മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ ദമ്പതികളെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയപ്പോള്‍ ഇരുവരും അരയില്‍ തൊക്കിന്റെ നിറമുള്ള ബെല്‍റ്റ് ധരിച്ചതായി കണ്ടെത്തി. ഇതില്‍ അസ്വഭാവികത തോന്നിയ ഡിആര്‍ഐ ബെല്‍റ്റ് തുറന്ന് പരിശോധിച്ചപ്പോള്‍ അകത്ത് റബ്ബര്‍ പോലുള്ള വസ്തു കണ്ടെത്തുകയായിരുന്നു. വിദഗദ്ധരുടെ സഹായത്തോടെ ഇത് പരിശോധിച്ചപ്പോള്‍ പശ പോലുള്ള വസ്തുവില്‍ സ്വര്‍ണം കലര്‍ത്തിയതാണെന്ന് വ്യക്തമായി. 23.99 കാരറ്റ് സ്വര്‍ണമാണ് പിടികൂടിയത്. 66 ലക്ഷത്തോളം രൂപ ഇതിന് വിലമതിക്കും. ദമ്ബതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

ദുബൈയില്‍ നിന്ന് നേപ്പാളിലെ കാഠ്മണ്ഡു വഴി കേരളത്തിലേക്ക് ട്രെയിനില്‍ സ്വര്‍ണം കടത്തുമ്പോഴാണ് മൊയ്തീനും ഷംസുദ്ദീനും പിടിയിലായത്. മരുസാഗര്‍ എക്‌സ്പ്രസില്‍ ഇവര്‍ കോഴിക്കോട്ടേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ട്രെയിനില്‍ ഡിആര്‍ഐ പരിശോധന നടത്തി സ്വര്‍ണം പിടികൂടുകയാണുണ്ടായത്. ഇരുവരുടെയും പാന്‍സിന്റെ അരഭാഗത്ത് തുന്നലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തി. രണ്ടു പേരും എട്ടു വീതം സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് കടത്തിയത്. 56,33,880 രൂപ വിലവരുന്ന 1865.60 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്. രണ്ടു പേരെയും പിന്നീട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

KCN

more recommended stories