സി.പി.ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

പെരുമ്പള: സി.പി.ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി മൂന്നാം തവണയും അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പലിനെ തെരഞ്ഞെടുത്തു. പെരുമ്പളയിലെ കെ കെ കോടോത്ത് നഗറില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ജില്ലാസമ്മേളനത്തിലാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ബി.കെ.എം.യു ജില്ലാ സെക്രട്ടറിയായിരിക്കെയാണ് 2011 ല്‍ പാര്‍ട്ടി ജില്ലാ സെക്രടറിയായി ആദ്യമായി തെരഞ്ഞെടുക്കുന്നത്. തുടര്‍ന്ന് 2015 ല്‍ നീലേശ്വരത്ത് നടന്ന സമ്മേളനം രണ്ടാം തവണ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1986 മുതല്‍ സിപിഐ അംഗമായ ഗോവിന്ദന്‍ 1986 – 92 വരെ എ.ഐ.എസ്.എഫ് ജില്ലാപ്രസിഡന്റ്, സെക്രട്ടറി എന്നീ നിലയിലും 1992- 94 എ.ഐ.വൈ.എഫ് ജില്ലാസെക്രട്ടറിയായും 1996 – 2004 വരെ സി.പി.ഐ ഹൊസ്ദുര്‍ഗ് മണ്ഡലം സെക്രട്ടറിയായും 2004 മുതല്‍ ജില്ലാ എക്‌സിക്യൂട്ടിവംഗമെന്ന നിലയിലും പ്രവര്‍ത്തിച്ചു.

മികച്ച സംഘാടകനും അഭിഭാഷകനുമായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തനിക്കു ലഭിച്ച സര്‍ക്കാര്‍ ജോലി രാജിവച്ചാണ് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. രാവണേശ്വരം സ്വദേശിയായ ഇദ്ദേഹം അജാനൂര്‍ ഗ്രാമപഞ്ചായത്തംഗം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പഞ്ചായത്ത്, ജില്ലാസഹകരണ ബാങ്ക് ഡയറക്ടര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഇന്ദിര അധ്യാപികയാണ്. രേവതി മകള്‍.

സമ്മേളനം 31 അംഗ ജില്ലാ കൗണ്‍സിലിനെയും ഒമ്പത് അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ വി കൃഷ്ണന്‍, ടി കൃഷ്ണന്‍, ബി വി രാജന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ എസ് കുര്യാക്കോസ്, സി പി ബാബു, എം അസിനാര്‍, വി രാജന്‍, ജയരാമ ബല്ലംകൂടല്‍, അഡ്വ. വി സുരേഷ് ബാബു, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, പി ഗോപാലന്‍ മാസ്റ്റര്‍, ഏ ദാമോദരന്‍, സി കെ ബാബുരാജ്, എം നാരായണന്‍, എം കുമാരന്‍, ടി കെ നാരായണന്‍, സുനില്‍മാടക്കല്‍, പി വിജയകുമാര്‍, എ അമ്ബൂഞ്ഞി, പി എ നായര്‍, പി ഭാര്‍ഗവി, എം കൃഷ്ണന്‍, കെ ചന്ദ്രശേഖരഷെട്ടി, എസ് രാമചന്ദ്ര, അജിത്ത് കുമാര്‍ എം സി, ബി സുകുമാരന്‍, എന്‍ പുഷ്പരാജന്‍, മുകേഷ് ബാലകൃഷ്ണന്‍, കരുണാകരന്‍ കുന്നത്ത് എന്നിവരാണ് ജില്ലാ കൗണ്‍സിലംഗങ്ങള്‍.

സംസ്ഥാന സമ്മേളന പ്രതിനിധികളായി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ വി കൃഷ്ണന്‍, ടി കൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ എസ് കുര്യാക്കോസ്, വി രാജന്‍, കെ ജയരാമ, ഇ മാലതി, മുകേഷ് ബാലകൃഷ്ണന്‍ എന്നിവരെ തെരഞ്ഞെടുത്തു.

ജില്ലയിലെ ജനജീവിതം ദുസ്സഹമാക്കികൊണ്ടിരിക്കുന്ന മാഫിയകളെ അര്‍ച്ചചെയ്യാന്‍ ഭരണകൂടം ശക്തമായ നടപടിയെടുക്കണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രകൃതിയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന മണല്‍ മാഫിയ പോലീസിന്റെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് പ്രവര്‍ത്തിക്കുന്നത്. പാരിസ്ഥിതിക പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മണലെടുപ്പ് നിരോധിച്ചിട്ടുള്ള കടവുകളില്‍ നിന്നുപോലും പുഴമണല്‍ നിര്‍ബാധം കടത്തികൊണ്ടിരിക്കുന്നു. മദ്യ, മയക്കുമരുന്നു മാഫിയകളും സമൂഹത്തിലും ദുരിതം വിതച്ചുകൊണ്ടിരിക്കുന്നു. സ്‌കൂളുകളെയും കോളജുകളെയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയും പുതിയ തലമുറയെ നശിപ്പിക്കുന്നു. അതിനെല്ലാമുപരി ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍ താവളമുറപ്പിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുന്നു. ഇത്തരം സാമൂഹ്യ വിരുദ്ധ ശക്തികള്‍ക്കെതിരെ ഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കാസര്‍കോട് ജില്ലയെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പതിവിന് വിരുദ്ധമായി ഇത്തവണ ജില്ലയില്‍ തുലാവര്‍ഷം ലഭിച്ചിട്ടില്ല. അതിന്റെ ഫലമായി ജലാശയങ്ങള്‍ ഏറെ കുറേ വറ്റി കഴിഞ്ഞിരിക്കുന്നു. ഇത് കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കുടിവെള്ള ക്ഷാമവും അതിരൂക്ഷമായി തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ ജനങ്ങള്‍ വേനലിനെ അതിജീവിക്കുക പ്രയാസകരമായിരിക്കും. ആയതിനാല്‍ സ്ഥിതിഗതികള്‍ മുന്‍കൂട്ടി കണ്ട് ആവശ്യമായ നടപടിയെടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

കാസര്‍കോട് ജില്ലയുടെ ബഹുഭാഷാ സംസ്‌കാരത്തെ വികസിപ്പിക്കുന്നതിന് ജില്ലയില്‍ ബഹുഭാഷാ റേഡിയോ നിലയം സ്ഥാപിക്കണമെന്നും സി പി ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

KCN

more recommended stories