ഗോവയെ തകര്‍ത്ത് ചെന്നൈയ്ന്‍ എഫ്.സി ഫൈനലില്‍

ചെന്നൈ: ഐ.എസ്.എല്‍ നാലാം സീസണ്‍ ഫൈനലില്‍ ബെംഗളൂരുവിന്റെ എതിരാളി ചെന്നൈയ്ന്‍ എഫ്.സി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായകമായ രണ്ടാംപാദ സെമിയില്‍ ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ചെന്നൈയ്ന്‍ എഫ്.സി ഫൈനലിലേക്ക് മുന്നേറിയത്. ഐ.എസ്.എല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ചെന്നൈയ്ന്‍ ഫൈനലിലെത്തുന്നത്. നേരത്തെ 2015ല്‍ ഗോവയെ തോല്‍പ്പിച്ച് ചെന്നൈയ്ന്‍ ആയിരുന്നു ജേതാക്കള്‍.

സെമിയില്‍ ഇരുപാദങ്ങളിലുമായി 4-1 എന്ന സ്‌കോറിനാണ് ചെന്നൈയ്ന്‍ എഫ്.സിയുടെ ഫൈനല്‍ പ്രവേശനം. ഇരട്ടഗോള്‍ നേടിയ ജെജെയുടെ മിന്നും പ്രകടനമാണ് ചെന്നൈയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയത്. 26-ാം മിനിറ്റില്‍ പോസ്റ്റിനുള്ളിലേക്ക് ലഭിച്ച പാസില്‍ മനോഹരമായ ഹെഡ്ഡറിലൂടെയായിരുന്നു ജെജെയുടെ ആദ്യ ഗോള്‍. മിനിറ്റുകള്‍ക്കകം മറ്റൊരു ഹെഡ്ഡറിലൂടെ ധനപാല്‍ ഗണേഷ് അതിഥേയരുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷവും ഗോവ മികച്ച കളി പുറത്തെടുത്തെങ്കിലും നീക്കങ്ങളൊന്നും ലക്ഷ്യത്തിലെത്തിയില്ല. കളിതീരാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ 90-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ വലയിലാക്കിയ ജെജെ ചെന്നൈയ്ന്‍ എഫ്.സിയുടെ വിജയം ഉറപ്പിച്ചു. നേരത്തെ നടന്ന ആദ്യപാദ സെമി ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചിരുന്നു. മാര്‍ച്ച് 17-ന് ബെംഗളൂരു ശ്രീ കണ്ഠിരവ സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുക.

KCN

more recommended stories