കേരളത്തെ കുളിരണിയിച്ച് വേനല്‍ മഴ; ന്യൂനമര്‍ദം കേരളം വിട്ടു

കാസര്‍കോട് : തീവ്ര ന്യൂനമര്‍ദത്തിന്റെ ചിറകിലേറിയെത്തിയ മഴ വേനല്‍ച്ചൂടില്‍ ഉരുകി നിന്ന സംസ്ഥാനത്തെ കുളിരണിയിച്ചു.  ഇന്നുംകൂടി തുടരുമെന്നാണ് പ്രവചനമെങ്കിലും കാര്യമായ മേഘങ്ങള്‍ കേരളത്തിനു മീതേയില്ലെന്ന് ഉപഗ്രഹചിത്രങ്ങളില്‍ നിന്നു വ്യക്തം. ബുധനാഴ്ച്ച വൈകുന്നേരം മുതല്‍ കാസര്‍കോട് ജില്ലയിലെ അഡൂര്‍, മുള്ളേരിയ, ബദിയടുക്ക, കുമ്പള, എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തു.

കേരളത്തിലെ കാലാവസ്ഥാദുരന്തനിവാരണ വിഭാഗങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയരാതെയാണു ന്യൂനമര്‍ദം കടന്നുപോകുന്നത്. വിവിധ ജില്ലകളില്‍ ചൊവ്വാഴ്ച രാത്രി മുതലേ ആരംഭിച്ച ചാറ്റല്‍ മഴ മണിക്കൂറുകളോളം നീണ്ടു. ഇന്നലെ രാവിലെ ആയതോടെ ചില സ്ഥലങ്ങളില്‍ കനത്ത മഴയുടെ അണക്കെട്ടു തുറന്നു. വിമാനത്താവളങ്ങള്‍ക്കു മുകളില്‍ കനത്ത മേഘപടലം റിപ്പോര്‍ട്ട് ചെയ്തു. വൈകിട്ടോടെ സ്ഥിതി മാറി വെയില്‍ പരന്നു. കേരളത്തിന്റെ എതിര്‍ദിശയിലേക്ക് കാറ്റ് വീശിയതും ഈര്‍പ്പം കുറഞ്ഞതുമാണ് മഴ കുറയാന്‍ കാരണമെന്നു നിരീക്ഷകര്‍ പറയുന്നു. ന്യൂനമര്‍ദവും കേരളവും തമ്മിലുള്ള ദൂരം ഇപ്പോള്‍ 435 കിമീയായി.കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോരത്ത് തമിഴ്നാടിനോടു ചേര്‍ന്നു കിടക്കുന്ന ആര്യങ്കാവിലാണ് ഇന്നലെ സംസ്ഥാനത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത് 12 സെന്റീമീറ്റര്‍. പുനലൂരില്‍ ആറു സെന്റീമീറ്ററും കൊല്ലത്തും തലശേരിയിലും മൂന്നു സെമീ വീതവും പൊന്നാനി, പെരുമ്പാവൂര്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ഇടുക്കി മയിലാടുംപാറ, കോന്നി, അയിരൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ ഒരു സെമീ വീതവും ന്യൂനമര്‍ദമഴ ലഭിച്ചു.തമിഴ്നാട്ടിലെ തൂത്തുക്കുടിക്കാണ് ഈ ന്യൂനമര്‍ദത്തില്‍ നിന്നു ലോട്ടറി അടിച്ചത് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ തൂത്തുക്കുടിയില്‍ പെയ്തിറങ്ങിയത് 20 സെന്റീമീറ്റര്‍ പേമാരി. തമിഴകജില്ലയിലെ ഭൂഗര്‍ഭ ജലവിതാനം ഉയരാന്‍ ഇതു സഹായിക്കും. അതേസമയം മഴയെ തുടര്‍ന്നു സംസ്ഥാനത്ത് ഇന്നലെ ചൂടു താണു. വറചട്ടിയായിരുന്ന പുനലൂരും പാലക്കാടും തൃശൂരും വിശറിമാറ്റിവച്ച് ഇന്നലെ പുതച്ചുറങ്ങി.
പുനലൂരില്‍ 3839 ഡിഗ്രിയായിരുന്ന ചൂട് 30 ഡിഗ്രിയായി. സംസ്ഥാനത്തെ ഏറ്റവും കുറവു രാത്രി താപനിലയായ 23 ഡിഗ്രിയും പുനലൂരിലാണു രേഖപ്പെടുത്തിയത്. 38 ഡിഗ്രിയായിരുന്ന കോട്ടയത്ത് 33 ഡിഗ്രിയായും തൃശൂരില്‍ 35 ഡിഗ്രിയായും തിരുവനന്തപുരത്ത് 30 ഡിഗ്രിയായും ചൂട് കുറഞ്ഞു. അതിതീവ്ര ന്യൂനമര്‍ദത്തിന്റെ തലത്തിലേക്ക് വളരാതെ തീവ്രന്യൂനമര്‍ദം നാളെയോടെ അപ്രസക്തമാകാനാണ് സാധ്യതതെന്ന് ന്യൂനമര്‍ദത്തെ ആദ്യദിനം മുതല്‍ നിരീക്ഷിക്കുന്ന ന്യൂഡല്‍ഹി കാലാവസ്ഥാ കേന്ദ്രത്തിലെ ഡോ. എം.മഹാപത്ര പറഞ്ഞു. കൊയ്ത്തിന് ഒരുങ്ങി നില്‍ക്കുന്ന പാടങ്ങള്‍ക്ക് മാത്രമാണ് വേനല്‍ മഴ ഭീഷണി. വനമേഖലയ്ക്കും മഴ ആശ്വാസമായി. കാട്ടുതീയുടെ ആധിക്യം കുറയുന്നതിനു മഴ സഹായകമാകും.

KCN

more recommended stories