വി.മുരളീധരന്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

മഹാരാഷ്ട്ര: ബി.ജെ.പി ദേശീയസമിതി അംഗം വി.മുരളീധരന്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാല് സ്ഥാനാര്‍ഥികളില്‍ ഒരാള്‍ പിന്മാറിയതോടെ വോട്ടെടുപ്പ് ഒഴിവാകുകയായിരുന്നു. മുരളീധരന്റെ രാജ്യസഭാംഗത്വം കേന്ദ്രമന്ത്രിസഭാ പ്രവേശനത്തിനും വഴിയൊരുക്കും.

എന്‍.ഡി.എ സംസ്ഥാന ഉപാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്നു ബി.ജെ.പി സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്കു മല്‍സരിക്കും. നിലവില്‍ രാജ്യസഭയില്‍ സ്വതന്ത്ര അംഗമാണ്. ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു രാജ്യസഭാ സീറ്റു ലഭിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണു വി.മുരളീധരനു ബി.ജെ.പി കേന്ദ്രനേതൃത്വം രാജ്യസഭാ ടിക്കറ്റ് നല്‍കിയത്.

രാഷ്ട്രീയ പരിചയസമ്പത്തിനു പുറമെ സാമുദായിക പരിഗണനയും രാജ്യസഭയിലേക്ക് മുരളീധരന് അനുകൂല ഘടകമായി. നായര്‍ സമുദായാംഗമായ സുരേഷ് ഗോപിക്കും ക്രിസ്ത്യന്‍ സമുദായാംഗമായ അല്‍ഫോന്‍സ് കണ്ണന്താനത്തിനും രാജ്യസഭാംഗത്വം നല്‍കിയ ബി.ജെ.പി നേതൃത്വം റിച്ചാര്‍ഡ് ഹേയെ ലോക്‌സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയാക്കി. ഇത്തവണ ഈഴവ-തിയ്യ വിഭാഗത്തെ പരിഗണിച്ചതു മുരളീധരനെ തുണച്ചു. ബി.ഡി.ജെ.എസിനും മുരളീധരനെതിരെ ഒന്നും പറയാനാവാത്ത സാഹചര്യം ഇതുമൂലമുണ്ടായി. വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി മുരളീധരനെ അനുമോദിച്ചിരുന്നു.

എ.ബി.വി.പി ദേശീയ ഭാരവാഹിത്വത്തില്‍ നിന്നു ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെത്തിയ മുരളീധരന്‍ തുടര്‍ച്ചയായി രണ്ടുതവണ സംസ്ഥാന അധ്യക്ഷ പദവി വഹിച്ചു. നെഹ്‌റു യുവ കേന്ദ്ര വൈസ് ചെയര്‍മാനെന്ന നിലയില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചതും ഹിന്ദി ഭാഷാ പ്രാവീണ്യവും മുരളീധരന് തുണയായി.

KCN

more recommended stories