സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവതീ- യുവാക്കളില്‍ നിന്നും പണം തട്ടിയ കാസര്‍കോട് സ്വദേശിയെ എറണാകുളത്ത് വെച്ച് പോലീസ് പിടികൂടി. ചെറുവത്തൂര്‍ മുഴക്കോം വായിക്കോട് സ്വദേശി ടി.വി ബൈജുവാണ് (31) പിടിയിലായത്. കണ്ണൂര്‍ ടൗണ്‍ സി ഐ ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് എറണാകുളത്ത് വെച്ച് ബൈജുവിനെ പിടികൂടിയത്. തുടര്‍ന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്നു.
സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പിണറായി, പിലാത്തറ എന്നിവിടങ്ങളില്‍ നിന്നുള്ള യുവതീ-യുവാക്കളില്‍ നിന്ന് 30 ലക്ഷത്തോളം രൂപയാണ് ബൈജു തട്ടിയെടുത്തത്. യുവാക്കള്‍ക്ക് ജനറല്‍ കാറ്റഗറിയിലും യുവതികള്‍ക്ക് സി.ഐ.എസ്.എഫിലുമാണ് ജോലി വാഗ്ദാനം ചെയ്യുന്നത്. പണം വാങ്ങിയ ശേഷം മുങ്ങുകയാണ് ചെയ്യുന്നത്. നിശ്ചിത സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെയാണ് വഞ്ചിക്കപ്പെട്ടതായി യുവതീ യുവാക്കള്‍ക്ക് വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇത്തരത്തില്‍ പിണറായിയിലെ നേഹ, അക്ഷയ, അനില എന്നിവരില്‍ നിന്നും പിലാത്തറയിലെ രണ്ട് യുവാക്കളില്‍ നിന്നും ബൈജു പണം തട്ടിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ നിരവധി പേരില്‍ നിന്നും ബൈജു പണം തട്ടിയതായി വിവരമുണ്ട്. നേരത്തെ നാസിക്കിലെ 195 ഫീല്‍ഡ് റജിമെന്റില്‍ ജോലി ചെയ്തിരുന്ന ബൈജു പിന്നീട് അവിടെ നിന്നും മുങ്ങുകയായിരുന്നു. തുടര്‍ന്ന് സൈന്യത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം വാങ്ങി വഞ്ചിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

KCN

more recommended stories