മണ്ഡലം മാറി മത്സരിക്കാന്‍ സിദ്ധരാമയ്യ; തോല്‍വി ഉറപ്പെന്ന് ജെഡിഎസ്

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നാകും മത്സരിക്കുകയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിലവില്‍ മൈസൂരിലെ വരുണ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. തോല്‍വി ഉറപ്പായതിനാല്‍ ചാമുണ്ഡേശ്വരിയില്‍ നിന്ന് മത്സരിക്കാന്‍ സിദ്ധരാമയ്യക്ക് ഭയമാണെന്ന ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി.കുമാരസ്വാമിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം.

ചാമുണ്ഡേശ്വരിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സിദ്ധരാമയ്യുടെ പ്രഖ്യാപനം. താന്‍ ചാമുണ്ഡേശ്വരിയില്‍ നിന്നാണ് മത്സരിക്കുകയെന്ന കാര്യം 100 ശതമാനം ഉറപ്പാണെന്നാണ് അദ്ദേഹം പറഞ്ഞത്.

2006ല്‍ ജെഡിഎസ്-ബിജെപി കൂട്ടുകെട്ടിനെ മറികടന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സിദ്ധരാമയ്യ വിജയിച്ച മണ്ഡലമാണ് ചാമുണ്ഡേശ്വരി. അന്ന് 257 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബായിരുന്നു ജെഡിഎസ് വിട്ട് സിദ്ധരാമയ്യ കോണ്‍ഗ്രസിലെത്തിയത്.

ഇത്തവണ ചാമുണ്ഡേശ്വരിയില്‍ നിന്ന് മത്സരിക്കാന്‍ ജെഡിഎസ് സിദ്ധരാമയ്യയെ വെല്ലുവിളിച്ചിരിക്കുകയാണ്. അതിലൂടെ തിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ ഒരു പാഠം പഠിക്കുമെന്നാണ് ജെഡിഎസ് പറയുന്നത്. എന്നാല്‍, ചാമുണ്ഡേശ്വരിയിലേക്ക് തന്റെ പ്രാതിനിധ്യം മാറ്റി മകന്‍ യതീന്ദ്ര സിദ്ധരാമയ്യയെ വരുണയില്‍ നിന്ന് മത്സരിപ്പിക്കാനാണ് സിദ്ധരാമയ്യ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുക്കുമോ എന്ന് ഇനിയും വ്യക്തമായിട്ടില്ല.

KCN

more recommended stories