കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലം മാറ്റം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. 518 കണ്ടക്ടര്‍ ജീവനക്കാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കോര്‍പ്പറേഷനെ ലാഭത്തിലാക്കുന്നതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് സൂചന. ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റതിന് പിന്നാലെയാണ് കൂട്ടസ്ഥലം മാറ്റം.

ഏപ്രില്‍ 21 ന് ഉത്തരവ് ഇറങ്ങിയെങ്കിലും കഴിഞ്ഞ ദിവസം മാത്രമാണ് അത് ജീവനക്കാര്‍ക്ക് ലഭിച്ചത്. നാളെ ജോലിയില്‍ പ്രവേശിക്കണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാരെ സ്ഥലം മാറ്റിയിരിക്കുന്നത്.

ജീവനക്കാരുടെ കുറവ് മൂലം സര്‍വീസ് തടസ്സപ്പെടുന്നത് ഒഴിവാക്കാനാണ് സ്ഥലംമാറ്റമെന്നാണ് ഉത്തരവില്‍ പറയുന്നത്. മൂന്ന് മാസത്തേക്കുള്ള താത്കാലിക സ്ഥലം മാറ്റമാണെന്നും ഉത്തരവില്‍ വിശദീകരിക്കുന്നു.

സ്ഥലം മാറ്റപ്പെടുന്ന യൂണിറ്റിന്റെ അടുത്തുള്ളവര്‍ക്കാണ് ആദ്യ മുന്‍ഗണന. സ്ഥലം മാറ്റത്തിന് ജീവനക്കാരുടെ സമ്മതം ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയവരെ ഈ സ്ഥലം മാറ്റത്തില്‍ ഉള്‍പ്പെടുത്തരുതെന്നും നിര്‍ദേശമുണ്ട്.

KCN

more recommended stories