500 നഴ്‌സുമാരെ വേണമെന്ന് നോര്‍ക്കയോട് കുവൈത്ത്

കുവൈത്ത് സിറ്റി : ഇന്ത്യയില്‍ നിന്ന് 500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു കുവൈത്ത് ആരോഗ്യമന്ത്രാലയം നോര്‍ക്കയെ സമീപിച്ചു. എത്ര സമയത്തിനകം റിക്രൂട്‌മെന്റ് സാധ്യമാകും എന്നറിയിക്കാനും ഇന്ത്യന്‍ എംബസി വഴി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുമാസത്തിനകം പൂര്‍ത്തിയാക്കാമെന്നാണു നോര്‍ക്കയുടെ മറുപടി.
ഇന്ത്യയില്‍നിന്നു നഴ്‌സുമാരുടെ നേരിട്ടുള്ള റിക്രൂട്‌മെന്റ് സംബന്ധിച്ചു നോര്‍ക്ക പ്രതിനിധി ഏപ്രില്‍ 11നു കുവൈത്തില്‍ ആരോഗ്യമന്ത്രാലയം അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് ഇന്ത്യന്‍ സ്ഥാനപതിയും കുവൈത്ത് ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും നേരിട്ടുള്ള റിക്രൂട്‌മെന്റ് സാധ്യത വിലയിരുത്തി. അതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയം എംബസി വഴി സമീപിച്ചത്. കുവൈത്തില്‍ നഴ്‌സ് നിയമനത്തിനു സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തുകയായിരുന്നു പഴയ പതിവ്. അവര്‍ വിവിധ രാജ്യങ്ങളിലെ സ്വകാര്യ ഏജന്‍സികളുമായി ബന്ധപ്പെട്ടു റിക്രൂട്‌മെന്റ് നടത്തും. സ്വകാര്യ ഏജന്‍സികള്‍ 25 ലക്ഷം വരെ ഈടാക്കിയ സ്ഥാനത്ത് 20,000 രൂപ സര്‍വീസ് ചാര്‍ജ് മാത്രമേ നോര്‍ക്ക ഈടാക്കൂ എന്നതാണ് ഉദ്യോഗാര്‍ഥികള്‍ക്കു പുതിയ രീതി മൂലമുള്ള നേട്ടം. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നോര്‍ക്ക അധികൃതര്‍ നടത്തിയ നീക്കങ്ങളെ തുടര്‍ന്നാണു നഴ്‌സുമാരെ ആവശ്യപ്പെട്ട് കുവൈത്ത് ആരോഗ്യമന്ത്രാലയം നേരിട്ടു സമീപിച്ചത്

KCN

more recommended stories