ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നു; അവരുമായി സഖ്യത്തിനില്ല -കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള യുദ്ധം മുറുകുന്നു. ജെ.ഡി.എസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എച്.ഡി കുമാര സ്വാമിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബി.ജെ.പി കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്തുകയാണെന്ന് കുമാരസ്വാമി പറഞ്ഞു. നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രമം. അവര്‍ക്ക് അധികാരത്തോട് ആര്‍ത്തിയാണ്. കേന്ദ്ര അധികാരം ദുരുപയോഗപ്പെടുത്തി അധികാരം പിടിക്കാന്‍ ശ്രമിക്കുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തിന് 117 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. കര്‍ണാടകയെ വര്‍ഗീയമായി വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനായി മതേതര വോട്ടുകള്‍ അവര്‍ ഭിന്നിപ്പിച്ചു. അതിനാല്‍ തന്നെ ബി.ജെ.പിയുമായി സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രണ്ട് ജെ.ഡി.എസ് എം.എല്‍.എമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ്ഫജെ.ഡി.എസ് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനുള്ള തന്ത്രങ്ങളുമായി ബി.ജെ.പി മുന്നോട്ട് പോകുകയാണ്. ഇതിനായി റെഡ്ഢി സഹോദരന്‍മാരെയാണ് നേതൃത്വം നിയോഗിച്ചിരിക്കുന്നത്. ഇവര്‍ ജെ.ഡി.എസ്, കോണ്‍ഗ്രസ് എം.എല്‍.എമാരെ ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

KCN

more recommended stories