ബാലകൃഷ്ണന്‍ വധക്കേസില്‍ രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തവും ലക്ഷം രൂപ വീതം പിഴയും

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവും വിദ്യാനഗര്‍ പടുവടുക്കം സ്വദേശിയുമായിരുന്ന ബാലകൃഷ്ണ(29)നെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് എറണാകുളത്തെ സി.ബി.ഐ പ്രത്യേക കോടതി ജീവപര്യന്തം തടവും ഓരോ ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഒന്നാംപ്രതി ചട്ടഞ്ചാല്‍ പാദൂര്‍ റോഡില്‍ മുഹമ്മദ് ഇക്ബാല്‍ എന്ന ഇക്കു, രണ്ടാംപ്രതി തളങ്കര സ്വദേശി മുഹമ്മദ് ഹനീഫ് എന്ന ജാക്കി ഹനീഫ് എന്നിവരെയാണ് ശിക്ഷിച്ചത്. ഇവരെ ഇന്നലെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും മറ്റുപ്രതികളായ മൂന്നുപേരെ വിട്ടയക്കുകയും ചെയ്തിരുന്നു. പിഴ അടച്ചില്ലെങ്കില്‍ കൂടുതല്‍ തടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മറ്റുപ്രതികളായ തായലങ്ങാടിയിലെ അബ്ദുല്‍ഗഫൂര്‍, ചെങ്കള മുട്ടത്തൊടിയിലെ എ.എം മുഹമ്മദ്, മണ്ണംകുഴിയിലെ അബൂബക്കര്‍ എന്നിവരെ പ്രത്യേക കോടതി വിട്ടയച്ചിരുന്നു. കൊലനടന്ന് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധിയുണ്ടാകുന്നത്. 2001 സപ്തംബര്‍ 18നാണ് ബാലകൃഷ്ണന്‍ കൊലചെയ്യപ്പെട്ടത്. നുള്ളിപ്പാടിയില്‍ നിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി ചന്ദ്രഗിരി പുഴക്കടവിന് സമീപത്ത് വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണംകുഴിയിലെ അബൂബക്കറിന്റെ മകളെ ബാലകൃഷ്ണന്‍ വിവാഹം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ രണ്ട് പ്രതികളെ പിടികൂടിയിരുന്നു. ഇവരിലൊരാള്‍ പിന്നീട് മാപ്പുസാക്ഷിയായി. ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ബാലകൃഷ്ണന്റെ അമ്മ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി കേസന്വേഷണം സി.ബി.ഐക്ക് വിട്ടത്.

KCN

more recommended stories