വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കാസര്‍കോട് സ്വദേശി അറസ്റ്റില്‍

പാലാ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ മുഖ്യപ്രതി പിടിയില്‍. കാസര്‍കോട് ബന്തടുക്ക കരുവേതക തുണ്ടത്തില്‍ ജോഷി തോമസ് (32) ആണ് പാലാ പോലീസ് പിടിയിലായത്. യുകെയില്‍ വിവിധ ജോലികള്‍ വാഗ്ദാനം ചെയ്ത് വിസക്കും മറ്റുമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തിരുന്നത്. ജോഷി പാലാ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഏജന്റുമാര്‍ മുഖേനയാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങിയിരുന്നത്. ആലപ്പുഴ, ചേര്‍ത്തല, മണ്ണഞ്ചേരി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ രീതിയില്‍ പണം തട്ടിയതായി പരാതിയുണ്ട്.

പാലാ സ്റ്റേഷനില്‍ മാത്രം നാല് പരാതികള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്. നാല് പേരില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കൂടുതല്‍ സ്ഥലങ്ങളില്‍ തട്ടിപ്പു നടത്തിയതാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. കുറച്ച് കാലം യുകെയില്‍ ജോലി ചെയ്തിരുന്ന ജോഷി തിരികെ നാട്ടിലെത്തിയ ശേഷമാണ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. ഏറ്റുമാനൂരില്‍ ഒളിവില്‍ കഴിയവെ പാലാ ഡിവൈഎസ്പി വി.ജി. വിനോദ്കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാലാ സിഐ രാജന്‍ കെ. അരമന, എസ്ഐ അഭിലാഷ് കുമാര്‍, സിപിഒ സുനില്‍ കുമാര്‍, സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

KCN

more recommended stories