യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച സംഭവം: പ്രതി പിടിയില്‍

തൃശൂര്‍: പെട്രോള്‍ പമ്പിലുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഗുണ്ടയെ പോലീസ് അറസ്റ്റുചെയ്തു. ഒന്പതുങ്ങല്‍ സ്വദേശി വട്ടപറമ്പില്‍ വിനീത് (കരിമണി വിനീത്) ആണ് പിടിയിലായത്. തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്നാണ് പ്രതിയെ ചാലക്കുടി ഡിവൈഎസ്പിസിഎസ് ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

മേയ് 20ന് കോടാലി ചേലക്കാട്ടുകര മൂന്നുമുറിയില്‍ ശ്രീദുര്‍ഗ പെട്രോള്‍പമ്പില്‍ ബൈക്ക് യാത്രികര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് മുപ്ലിയം സ്വദേശി മാണുകാടന്‍ വീട്ടില്‍ ദിലീപിന്റെ മേല്‍ പെട്രോളൊഴിച്ച് വിനീത് കത്തിച്ചത്. പെട്രോളടിക്കാനെത്തിയ ദിലീപിന് രണ്ടായിരം രൂപയുടെ ബാക്കിയായി പമ്പുകാര്‍ പത്തു രൂപയുടെ നോട്ടുകളാണ് നല്‍കിയത്. ഇത് എണ്ണിത്തിട്ടപ്പെടുത്താന്‍ ദിലീപ് സമയമെടുത്തപ്പോള്‍ ദിലീപിന്റെ ബൈക്കിനു പിന്നില്‍ പെട്രോളടിക്കാന്‍ കാത്തുനിന്നിരുന്ന വിനീത് വഴക്കുണ്ടാക്കുകയും തര്‍ക്കത്തിനിടെ വിനീത് പന്പിലെ ജീവനക്കാരിയുടെ കൈയിലുണ്ടായിരുന്ന കുപ്പിയിലെ പെട്രോള്‍ പിടിച്ചുവാങ്ങി ദിലീപിന്റെ ശരീരത്തിലൊഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു.

വസ്ത്രത്തിലേക്ക് തീപടര്‍ന്ന ദിലീപ് ഉടന്‍ അടുത്തുള്ള തോട്ടിലേക്കു ചാടിയാണ് ജീവന്‍ രക്ഷിച്ചത്. ദിലീപിനൊപ്പമുണ്ടായിരുന്ന ചീനിക്ക വീട്ടില്‍ സുരാജ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പന്പ് ജീവനക്കാരിയുടെ കൈക്കും പൊള്ളലേറ്റിരുന്നു.

തലനാഴിക്കാണ് വന്‍ ദുരന്തം അന്ന് ഒഴിവായത്. ദിലീപിന്റെ ബൈക്ക് കത്തിയെങ്കിലും ഫ്യൂവല്‍ ഡിസ്‌പെന്‍സറിലേക്ക് തീ പടരാതിരുന്നതു ദുരന്തം ഒഴിവാക്കി. പെട്രോള്‍ പമ്പിലെ സിസിടിവി കാമറയില്‍ പതിഞ്ഞ പ്രതിയുടെ മുഖം വിനീതിന്റേതാണെന്നു പോലീസ് അന്നുതന്നെ സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

സംഭവത്തിനു ശേഷം ബൈക്കില്‍ കടന്നുകളഞ്ഞ വിനീതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിനീതിന്റെ സുഹൃത്തുക്കളേയും ബന്ധുക്കളേയും കേന്ദ്രീകരിച്ചും ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

KCN

more recommended stories